ഞങ്ങളുടെ നാടകത്തില്‍ സീതയായി അഭിനയിച്ചത് നിവിന്‍: സിജു വില്‍സണ്‍
Malayalam Cinema
ഞങ്ങളുടെ നാടകത്തില്‍ സീതയായി അഭിനയിച്ചത് നിവിന്‍: സിജു വില്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 6:27 pm

കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാള സിനിമ പ്രേമികള്‍ക്ക് സുപരിചിത്രനായ നടനായ സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വില്‍സണ്‍ സിനിമയിലേക്ക് അരങ്ങേറുന്നത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ സിനിമകളിലൂടെ വലിയ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് നായകനടനായി മാറിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നടന്‍ നിവിന്‍ പോളി, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.

ഇപ്പോള്‍ നിവിന്‍ പോളിയുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിജു വില്‍സണ്‍. പണ്ട് തങ്ങള്‍ ഒന്നിച്ച് ഒരു നാടകം ചെയ്തിരുന്നുവെന്നും അതില്‍ സീതയായി അഭിനയിച്ചത് നിവിന്‍ പോളി ആയിരുന്നുവെന്നും സിജു പറയുന്നു.

ഗ്യാങിലെ ബാക്കി എല്ലാവരും മീശ വടിച്ചാല്‍ കോമഡി ആയിരിക്കുമെന്നും എന്നാല്‍ അന്നുമുതലേ കൂട്ടത്തിലെ ചുള്ളനും സുന്ദരനും നിവിനായിരുന്നുവെന്നും സിജു പറഞ്ഞു. അതുകൊണ്ടുതന്നെ നിവിന്‍ പോളിയെ മീശ വടിപ്പിച്ച് സീതയായി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സിജു ഇക്കാര്യം പറഞ്ഞത്.

അതേ അഭിമുഖത്തില്‍ തന്നെ വെറുതെ അഭിനയം പഠിക്കാന്‍ കഴിയില്ലെന്ന് സിജു പറഞ്ഞിരുന്നു. എപ്പോഴും പ്രാക്ടീസ് ചെയ്താലെ അഭിനയം നമുക്ക് പഠിക്കാന്‍ കഴിയുകയുള്ളുവെന്നും അത് താന്‍ മനസിലാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ താന്‍ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും തനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്പേസുള്ള ഒരു കഥാപാത്രം കിട്ടിയാല്‍ താന്‍ എന്തായാലും ചെയ്യുമെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി.

Content Highlight: Siju Wilson Talks About Nivin Pauly