മലയാളത്തില്‍ നെപ്പോട്ടിസം കൂടിവരുന്നു എന്ന് പറഞ്ഞാല്‍ യോജിക്കാനാകില്ല: സിജു വില്‍സണ്‍
Film News
മലയാളത്തില്‍ നെപ്പോട്ടിസം കൂടിവരുന്നു എന്ന് പറഞ്ഞാല്‍ യോജിക്കാനാകില്ല: സിജു വില്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th May 2022, 6:16 pm

2010 ല്‍ പുതുമുഖങ്ങളെ വെച്ച് വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സിജു വില്‍സണ്‍. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നേരത്തിലെ ജോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിജു വില്‍സണെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

പിന്നീട് ശ്രദ്ധിക്കപ്പെട്ട പല കഥാപാത്രങ്ങളിലൂടെയും സിജു മലയാളത്തില്‍ സ്ഥാനമുറപ്പിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ താരം നായകനുമായി. ഒരിടവേളക്ക് ശേഷം സിജു വില്‍സണ്‍ വീണ്ടും നായകനായെത്തുന്ന ചിത്രം വരയന്‍ റിലീസിനൊരുങ്ങുകയാണ്.

മലയാളത്തില്‍ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിക്ക് യോജിക്കാനാകില്ല എന്ന് പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിജുവിന്റെ പരാമര്‍ശം.

‘മലയാളത്തില്‍ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ടാലന്റുണ്ടെങ്കിലേ ഇവിടെ നിലനില്‍ക്കൂ, പ്രത്യേകിച്ച് മലയാളം ഇന്‍ഡസ്ട്രിയില്‍. ഒരാള്‍ക്ക് അത്രയും ടാലന്റ് ഉണ്ടെങ്കിലേ മലയാളി പ്രേക്ഷകര്‍ അംഗീകരിക്കൂ.

പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റണം, അല്ലെങ്കില്‍ അംഗീകരിക്കാന്‍ പറ്റണം എന്നതൊക്കെ നോക്കിയിട്ടാണ് ഞാന്‍ തന്നെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. പിന്നെ എല്ലാവര്‍ക്കും ഇവിടെ സ്‌പേസുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. കഴിവുള്ളവരൊക്കെ കയറിവരട്ടെ. ഒരുപാട് പുതിയ ആള്‍ക്കാര്‍ സിനിമക്ക് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ട്. അവരുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നത് ആരിലൂടെയാണെന്ന് പറയാന്‍ പറ്റില്ല. ഞാനേറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് പുതിയ ടീമിന്റെ കൂടെയാണ്. പിന്നെ എന്റെയടുത്തേക്ക് വരുന്നതില്‍ നിന്നുമാണ് ചൂസ് ചെയ്യുന്നത്,’ സിജു വില്‍സണ്‍ പറഞ്ഞു.

മെയ് 20 തിനാണ് വരയന്‍ റിലീസ് ചെയ്യുന്നത്. ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മിച്ചിരിക്കുന്നത്. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ലിയോണ ലിഷോയാണ് നായിക.

മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈഗര്‍’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

Content Highlight: siju wilson says he cannot agree that Nepotism is on the rise in Malayalam