പ്രണവിനോട് ചോദ്യം ചോദിക്കാന്‍ പോയ ലെന അവസാനം ഉത്തരം മുട്ടി എഴുന്നേറ്റ് പോയി: സിദ്ദീഖ്
Film News
പ്രണവിനോട് ചോദ്യം ചോദിക്കാന്‍ പോയ ലെന അവസാനം ഉത്തരം മുട്ടി എഴുന്നേറ്റ് പോയി: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th December 2023, 10:07 pm

പ്രണവ് മോഹന്‍ലാലിനൊപ്പം ഉണ്ടായ ഒരു രസകരമായ അനുഭവത്തെ പറ്റി പറയുകയാണ് സിദ്ദീഖ്. ആദി സിനിമയുടെ ഷൂട്ടിനിടക്ക് പ്രണവിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോയ ലെന തിരിച്ചുള്ള ചോദ്യങ്ങള്‍ കേട്ട് ഉത്തരം മുട്ടി എഴുന്നേറ്റ് പോയെന്ന് സിദ്ദീഖ് പറഞ്ഞു. നേര് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പല കാര്യങ്ങളെ പറ്റിയും നല്ല ധാരണയുള്ള ആളാണ് പ്രണവ്. നമ്മളോടും പല സംശയങ്ങളും ചോദിക്കാറുണ്ട്. ആദി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഞാന്‍ പറഞ്ഞുതരാമെന്ന് ലെന പറഞ്ഞു. എന്നോട് ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കി. ഇക്ക ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ കാണുന്നത് എന്ന് എന്നോട് പറഞ്ഞു. അതില്‍ പലതും ശരിയാണെന്ന് എനിക്ക് തോന്നി.

അതുകഴിഞ്ഞ് ലെന പ്രണവിനോട് ചോദിക്കാന്‍ പോയി. അപ്പു നടന്നുപോവുമ്പോള്‍ ഒരു സ്ഥലത്ത് ഒരു മല കാണുന്നു, അപ്പോള്‍ അപ്പുവിന് എന്ത് തോന്നും എന്ന് ലെന ചോദിച്ച്. എന്ത് മല, എങ്ങനത്തെ മലയാണെന്ന് പറയൂ എന്ന് അപ്പു ചോദിച്ചു. ഞാനൊക്കെ പെട്ടെന്ന് ഉത്തരം പറഞ്ഞുപോയി. അപ്പു ഒരുപാട് ചോദ്യങ്ങള്‍ തിരിച്ച് ചോദിച്ചു. അവസാനം ഉത്തരം മുട്ടിയിട്ട് ലെന എഴുന്നേറ്റ് പോയി. അതാണ് അപ്പു.

ഒരിടത്ത് പോകുമ്പോള്‍ ഒരു ജലാശയം കണ്ടു, എന്തുചെയ്യും എന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങോട്ട് പോകില്ല, തിരിച്ച് പോകും എന്ന് അപ്പു പറയും. ഇങ്ങനെ നമ്മളാരും പറയാത്ത ഉത്തരങ്ങളൊക്കെയാണ് അപ്പു പറയുന്നത്. അങ്ങനെ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ നോക്കികാണുന്ന ആളാണ്, മിടുക്കനാണ്,’ സിദ്ദീഖ് പറഞ്ഞു.

ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.

Content Highlight: Siddique talks about an interesting experience he had with Pranav Mohanlal