ബോഡി ഗാര്‍ഡില്‍ നായികയാവേണ്ടിയിരുന്നത് ഷാമിലി, കഥ കേട്ടപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്യുമെന്ന് നയന്‍താര പറഞ്ഞു; സിദ്ദിഖ്
Film News
ബോഡി ഗാര്‍ഡില്‍ നായികയാവേണ്ടിയിരുന്നത് ഷാമിലി, കഥ കേട്ടപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്യുമെന്ന് നയന്‍താര പറഞ്ഞു; സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 10:15 pm

ഒരിടവേളക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്ക് മലയാളത്തിലേക്ക് തിരിച്ച് വരവ് നല്‍കിയ സിനിമയാണ് ബോഡി ഗാര്‍ഡ്. ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചത് ഷാമിലിയെ ആയിരുന്നു എന്ന് പറയുകയാണ് സിദ്ദിഖ്. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിലാണ് ബോഡി ഗാര്‍ഡിന്റെ വിശേഷങ്ങള്‍ സിദ്ദിഖ് പറഞ്ഞത്.

‘ബോഡി ഗാര്‍ഡിന്റേത് വളരെ ഇന്ററസ്റ്റിങ്ങായിട്ടുള്ള കഥയാണ്. സിനിമയിലെ നായികക്ക് നായകനെക്കാള്‍ അല്പം പ്രാധാന്യമുണ്ട്. അത്തരം ഒരു ഇമേജുള്ള നായിക തന്നെ വേണം. അപ്പോള്‍ ബേബി ശാമിലിയെ ആലോചിച്ചു. മമാട്ടിക്കുട്ടിയമ്മക്ക് ശേഷം ശാലിനി അനിയത്തിപ്രാവില്‍ വന്നപ്പോള്‍ വലിയ ഹൈപ്പ് ലഭിച്ചിരുന്നു. അതേപോലെ മാളൂട്ടിയായി അഭിനയിച്ച ഷാമിലി വരുന്നു. അവര്‍ അപ്പോള്‍ തെലുങ്കിലും പിന്നെ ഏതോ തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിലും ഇന്‍ഡ്രോഡ്യൂസ് ചെയ്യാന്‍ ഞങ്ങള്‍ പ്ലാനിട്ടു.

നിര്‍മാതാവ് അവരുടെ അച്ഛനായ ബാബുവിനെ പോയി കണ്ടു. അദ്ദേഹത്തിന് സന്തോഷമായി. ഫാസില്‍ സാറിനോട് അവര്‍ക്ക് വലിയ അറ്റാച്ച്‌മെന്റാണ്. അദ്ദേഹമാണല്ലോ ശാലിനിയെ കണ്ടെത്തിയതും ഇന്‍ട്രൊഡ്യൂസ് ചെയ്തതും. ഫാസില്‍ സാറിന്റെ അസിസ്റ്റന്റ് എന്ന നിലയില്‍ നമുക്കും ഒരു സ്ഥാനമുണ്ട്.

ബാബുവിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ നാല് സിറ്റിങ് കഴിഞ്ഞിട്ടും ഡേറ്റ് കിട്ടുന്നില്ല. കാരണം അവരുടെ തെലുങ്ക് സിനിമ റിലീസായിട്ടില്ല. അത് റിലീസാവാന്‍ വെയ്റ്റിങ്ങാണ്. നമ്മുടെ പടമൊട്ട് കമ്മിറ്റ്മെന്റിലേക്ക് വരുന്നുമില്ല. പെട്ടെന്നൊന്നും ഇത് നടക്കില്ല എന്ന് മനസിലായി. ഷാമിലി ഒരു പുതുമുഖമാണെങ്കിലും ഒരു വാല്യുവുണ്ട്. അല്ലെങ്കില്‍ എസ്റ്റാബ്ലിഷ്ടായിട്ടുള്ള ഏതെങ്കിലും നല്ല നടിയെ കൊണ്ടുവരണം.

അപ്പോഴാണ് ദിലീപ് ചോദിച്ചത് ഇക്കാ നയന്‍താരയാണെങ്കിലോ എന്ന്. എന്റമ്മോ നയന്‍താരയെ കിട്ടുമോയെന്ന് ഞാന്‍ ചോദിച്ചു. നയന്‍താര വലിയ സ്റ്റാറാണ്. കഥ ഇഷ്ടപ്പെട്ടാല്‍ നയന്‍ അഭിനയിക്കും, ഇക്കായോട് റെസ്‌പെക്റ്റ് ഉണ്ട്, നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കുമെന്ന് ദിലീപ് പറഞ്ഞു.

അങ്ങനെ ഞാന്‍ നയനെ വിളിച്ചു. ഇതിനായി നേരിട്ട് മദ്രാസ് വരെ വരണ്ട ഫോണില്‍ കൂടി കഥ പറഞ്ഞാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറ് കൊണ്ട് കഥാപാത്രവും കഥയുമൊക്കെ ഞാന്‍ പറഞ്ഞുകൊടുത്തു. കഥ പറഞ്ഞുകഴിഞ്ഞയുടനെ ഈ സിനിമ ഞാന്‍ തന്നെ അഭിനയിക്കും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെന്ന് നയന്‍ പറഞ്ഞു. നയന്റെ ഡേറ്റ് പറഞ്ഞോ അത് വെച്ച് ദിലീപിനോട് അഡ്ജസ്റ്റ് ചെയ്ത് വാങ്ങിക്കോളാമെന്ന് പറഞ്ഞു. അങ്ങനെയാണ് നയന്‍താര ബോഡിഗാര്‍ഡിലേക്ക് വരുന്നത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique says that Shamili was first chosen as the female lead in the film