'നല്ലൊരു സിനിമ അവിടുത്തെ ആളുകളെ കാണിക്കാൻ സാധിച്ചില്ല എന്നതിലാണ് നിരാശ'; പ്രസ്മീറ്റിൽ നിന്നിറക്കിവിട്ട സംഭവത്തിൽ സിദ്ധാർത്ഥ്
national news
'നല്ലൊരു സിനിമ അവിടുത്തെ ആളുകളെ കാണിക്കാൻ സാധിച്ചില്ല എന്നതിലാണ് നിരാശ'; പ്രസ്മീറ്റിൽ നിന്നിറക്കിവിട്ട സംഭവത്തിൽ സിദ്ധാർത്ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st October 2023, 11:02 am

ബെംഗ്ലൂരു: ബെംഗ്ലൂരുവിൽ സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നിന്ന് കന്നഡവാദി പ്രവർത്തകർ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ധാർത്ഥ്.
വാർത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങൾക്ക് പുതിയ ചിത്രം ‘ചിറ്റാ’ സ്ക്രീൻ ചെയ്യാൻ താൻ ഉദ്ദേശിച്ചിരുന്നുവെന്നും തനിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ഇൻസ്റ്റഗ്രാം ലൈവിൽ താരം പറഞ്ഞു.

‘കഴിഞ്ഞ ദിവസം ബെംഗ്ലൂരുവിൽ ഒരു സംഭവം ഉണ്ടായി. ഇതിന് ഒരു ബാക്ക് സ്റ്റോറി കൂടിയുണ്ട്. ഇതാദ്യമയാണ് ഒരു നിർമാതാവ് എന്ന നിലയിൽ തിയേറ്റർ റിലീസിന് മുമ്പ് ഞാൻ എന്റെ ചിത്രം ഒരുപാട് പേർക്ക് സ്ക്രീൻ ചെയ്യുന്നത്. ചെന്നൈയിലും കൊച്ചിയിലും ഞാൻ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബെംഗ്ലൂരുവിലും ചിത്രം പ്രദർശിപ്പിക്കാൻ പദ്ധതി ഉണ്ടായിരുന്നു.

റിലീസിന് മുന്നോടിയായി 2,000 വിദ്യാർത്ഥികളെ ചിത്രം കാണിക്കണം എന്ന് എനിക്ക് ഉദ്ദേശമുണ്ടായിരുന്നു. ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. അന്ന് രാത്രി കന്നഡ താരങ്ങൾക്കായി സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ബന്ധിനോടുള്ള ആദരസൂചകമായി എല്ലാം ഞങ്ങൾ ക്യാൻസൽ ചെയ്തു. ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടായി. പക്ഷേ എല്ലാത്തിലുമുപരി, നല്ലൊരു സിനിമ അവിടുത്തെ ആളുകളെ കാണിക്കാൻ സാധിച്ചില്ല എന്നതിലാണ് നിരാശ,’ അദ്ദേഹം പറഞ്ഞു.

തന്റെ പടത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന ഒന്നിനെക്കുറിച്ചും സംസാരിക്കാൻ താല്പര്യമില്ല എന്നും സിദ്ധാർത്ഥ് പറഞ്ഞു.

‘ഇന്ററാക്ഷന് ശേഷം മാധ്യമങ്ങളെ സിനിമ കാണിക്കേണ്ടതായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. ധാരാളം ക്യാമറകൾക്ക് മുന്നിൽവെച്ചാണ് അതുണ്ടായത്. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല.

സിനിമക്ക് നല്ല പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന ഒന്നിനെ കുറിച്ചും സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. ഈ വിഷയവും എന്റെ സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല.
എന്റെ പണം ചെലവഴിച്ച് ഞാൻ എടുക്കുന്ന ചിത്രങ്ങളിൽ എന്റെ സാമൂഹ്യ പ്രതിബദ്ധത കാണാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ സിദ്ധാർത്ഥ് പറഞ്ഞു.

കാവേരിയിലെ ജലത്തിന് വേണ്ടി കന്നഡികർ സമരം ചെയ്യുമ്പോൾ തമിഴ് സിനിമയുടെ പ്രചാരണം അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിട്ടതിന് നടന്മാരായ പ്രകാശ് രാജും ശിവരാജ് കുമാറും സിദ്ധാർത്ഥിനോട്‌ ഖേദം പ്രകടിപ്പിച്ചിരുന്നു.

Content Highlight: Siddharth reacts to press meet disruption incident in Bengaluru