സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും അക്ഷയ് കുമാര്‍ ഔട്ട്; പകരമെത്തുക സിദ്ധാര്‍ത്ഥ് മല്‍ഹോത്ര
Film News
സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും അക്ഷയ് കുമാര്‍ ഔട്ട്; പകരമെത്തുക സിദ്ധാര്‍ത്ഥ് മല്‍ഹോത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th April 2023, 7:19 pm

റൗഡി റാത്തോര്‍ രണ്ടാം ഭാഗത്തില്‍ നായകനാവാന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. 2012 ല്‍ അക്ഷയ് കുമാറിനെ നായകനാക്കി പ്രഭു ദേവ സംവിധാനം ചെയ്ത റൗഡി റാത്തോറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അക്ഷയ് കുമാര്‍ ഇല്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്നതിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥ മല്‍ഹോത്രയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി പിങ്ക്‌വില്ലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നിര്‍മാതാവ് ഷാബിന ഖാന്‍ കുറച്ച് നാളുകളായി റൗഡി റാത്തോര്‍ രണ്ടാം ഭാഗത്തിന്റെ വര്‍ക്കിലാണ്. എല്ലാം ഒന്ന് ശരിയായി വരാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നത്. റൗഡി റാത്തോര്‍ 2വിന്റെ കഥാതന്തു രൂപ്പെടുത്തിയെടുത്തിട്ടുണ്ട്.

ചിത്രത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ച് സിദ്ധാര്‍ത്ഥുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനകം ചിത്രം ഓണാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,’ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ നായകനായ ഭൂല്‍ ഭുലയയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ കാര്‍ത്തിക് ആര്യനായിരുന്നു നായകന്‍. അക്ഷയ് കുമാറിന്റേതുള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങള്‍ നിരത്തി പൊട്ടിയപ്പോള്‍ കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ 2 മികച്ച വിജയമാണ് നേടിയത്.

അക്ഷയ്‌യുടെ തന്നെ ഹേരാ ഫേരിയുടെ രണ്ടാം ഭാഗത്തിലും കാര്‍ത്തിക് ആര്യന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

Content Highlight: Siddharth Malhotra to star in Rowdy Rathore 2 instead of akshay kumar