'ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കില്‍ ബി.ജെ.പിക്കാരേ, ഇതിലേ സ്വതന്ത്രമായി നടക്കാമെന്ന് നിങ്ങള്‍ കരുതണ്ട'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ
national news
'ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കില്‍ ബി.ജെ.പിക്കാരേ, ഇതിലേ സ്വതന്ത്രമായി നടക്കാമെന്ന് നിങ്ങള്‍ കരുതണ്ട'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 12:27 pm

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കടക്കാനിരിക്കെ ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് സിദ്ധരാമയ്യ എത്തിയിരിക്കുന്നത്.

ഗുണ്ട്‌ലുപേട്ടില്‍ സ്ഥാപിച്ച പോസ്റ്ററുകളായിരുന്നു ബി.ജെ.പി നശിപ്പിച്ചത്. മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ കീറിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘ഞങ്ങള്‍ സ്ഥാപിച്ച പോസ്റ്ററുകളും ഫ്‌ളെക്‌സുകളും ബി.ജെ.പിക്കാര്‍ നശിപ്പിക്കുകയാണ്. ഇത് തുടരാനാണ് തീരുമാനമെങ്കില്‍ സ്വതന്ത്രമായി ഇതിലൂടെ നടക്കാമെന്ന് ബി.ജെ.പിക്കാര്‍ കരുതണ്ട. അതിനുള്ള ശക്തിയൊക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്.

 

അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറുമെന്നും പൊലീസുകാരോട് ഇതേ മുന്നറിയിപ്പ് തന്നെയാണ് നല്‍കാനുള്ളതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

‘ആറു മാസത്തിനുള്ളില്‍ എന്തായാലും സര്‍ക്കാര്‍ മാറും. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും. പൊലീസിനോടും ഇതേ മുന്നറിയിപ്പ് തന്നെയാണ് നല്‍കാനുള്ളത്,’ സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കേരളത്തിലെ യാത്രയവസനിപ്പിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച കര്‍ണാടകയിലെത്തും. സംസ്ഥാന അതിര്‍ത്തിയില്‍ സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ എത്തുന്നത്.

കേരളത്തില്‍ 19 ദിവസമായിരുന്നു പര്യടനം നടന്നത്. വലിയ ജനപങ്കാളിത്തമാണ് 19 ദിവസവും യാത്രക്ക് കേരളത്തിലുടനീളം ലഭിച്ചത്. ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും യാത്ര കേരളത്തില്‍ വിജയമായെന്നാണ് കെ.പി.സി.സിയും വിലയിരുത്തുന്നത്. പരിപാടിയുടെ സംഘാടനത്തിലും കൃത്യനിഷ്ഠതയിലും യാത്ര വലിയ വിജയമായിരുന്നെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ദിവസം 25-30 കിലോമീറ്റര്‍ വെച്ച് 19 ദിവസമായി ഏതാണ്ട് 450- 500 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും കേരളത്തില്‍ നടന്നുതീര്‍ത്തത്. കേരളത്തില്‍ രാഷ്ട്രീയപരമായി എല്‍.ഡി.എഫ് സര്‍ക്കാരിനെയോ സി.പി.ഐ.എമ്മിനെയോ വിമര്‍ശിക്കാന്‍ മുതിരാതെ കേന്ദ്ര സര്‍ക്കാരിനെയും അവരുടെ നയങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍.

Content Highlight: Siddaramaiah warns bjp as bjp workers tear posters of rahul gandhi placed as a welcome to Rahul Gandhi