മൈസൂരു ദസറ ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും; എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്ത ഭ്രാന്തന്മാര്‍: സിദ്ധരാമയ്യ
India
മൈസൂരു ദസറ ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും; എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്ത ഭ്രാന്തന്മാര്‍: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 9:09 am

ബെംഗളൂരു: ഈ വര്‍ഷത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനായി അന്താരാഷ്ട്ര ബുക്കര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മതേതര – സാംസ്‌കാരിക ഉത്സവമാണ് ദസറയെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

‘ദസറ ഒരു സാംസ്‌കാരിക ഉത്സവമാണ്. അതൊരു സംസ്ഥാന ഉത്സവം കൂടിയാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ഉദ്ഘാടനം ചെയ്യണമെന്നില്ല. നാദ ഹബ്ബ (സംസ്ഥാന ഉത്സവം) എന്നാല്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള ഉത്സവമാണ്,’ സിദ്ധരാമയ്യ പറഞ്ഞു.

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിങ്ങള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍ തുടങ്ങി എല്ലാവര്‍ക്കുമുള്ള ഉത്സവമാണ് ദസറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യണമെന്ന് താന്‍ തീരുമാനിച്ചുവെന്നും ഉന്നതാധികാര സമിതിയാണ് തനിക്ക് അനുമതി നല്‍കിയതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ദസറ ഉദ്ഘാടനം ചെയ്യാനായി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള കവി കെ.എസ്. നിസാര്‍ അഹമ്മദിനെ ക്ഷണിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യണമെന്ന തീരുമാനത്തെ എതിര്‍ക്കുന്നവരെ ചരിത്രമറിയാത്ത ഭ്രാന്തന്മാര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ദസറ ഉദ്ഘാടനം ചെയ്യുന്നത് ബാനു മുഷ്താഖാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ധാരാളം എതിര്‍പ്പുകള്‍ വന്നിരുന്നു. കന്നടയെ ഭുവനേശ്വരി ദേവിയായി ആരാധിക്കുന്നതില്‍ മുഷ്താഖ് എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുള്ള ഒരു പഴയ വിഡിയോ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നത്.

മുഷ്താഖിന്റെ പ്രസ്താവന കന്നട മാതാവിനെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടതിനെ കുറിച്ചും സിദ്ധരാമയ്യ പ്രതികരിച്ചു. ദസറ ഉദ്ഘാടനം ചെയ്യാന്‍ അവരെ ക്ഷണിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും കന്നടയെ ബഹുമാനിക്കാതെ അവര്‍ കന്നടയില്‍ എഴുതുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

തന്റെ പ്രസംഗത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്ന് മുഷ്താഖ് നേരത്തെ വിശദീകരിച്ചിരുന്നു. ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയും രംഗത്തെത്തിയിരുന്നു.

‘ഹിന്ദു മതത്തില്‍ വിശ്വസിക്കാത്തവരും വിഗ്രഹാരാധനയുടെ ആചാരം പിന്തുടരാത്തവരും ദസറ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് എന്തു ചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണ്. എഴുത്തുകാരി ബാനു മുഷ്താഖ് ചാമുണ്ഡി കുന്നുകളിലേക്ക് പോകരുത്. ചാമുണ്ഡേശ്വരി ദേവിക്ക് അവര്‍ പുഷ്പാര്‍ച്ചന നടത്തില്ലെന്ന് താന്‍ കരുതുന്നു.

പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബാനു മുഷ്താഖ് ചാമുണ്ഡേശ്വരി ദേവിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ അത് അറിയിക്കട്ടെ. അങ്ങനെ ചെയ്താല്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ തങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല’ ശോഭ പറഞ്ഞു.

Content Highlight: Siddaramaiah Says Mysore Dussehra will be inaugurated by Banu Mushtaq