ജാഗ്രത; 'സനാതനി'കളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണം: സിദ്ധരാമയ്യ
India
ജാഗ്രത; 'സനാതനി'കളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണം: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th October 2025, 7:06 am

ബെംഗളൂരു: ‘സനാതനി’കളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആര്‍.എസ്.എസിലും സംഘപരിവാറിലും ജാഗ്രത പാലിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂര്‍ സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ആര്‍. അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടനയെയും സംഘപരിവാറുകാര്‍ ചരിത്രമായി എതിര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരുമായി സഹവസിക്കുക. നിങ്ങളുടെ കൂട്ടുകെട്ട് ശരിയെന്ന് ഉറപ്പുവരുത്തുക. സനാതനികളുമായുള്ള സൗഹൃദം ഒഴിവാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെയുണ്ടായ ചെരുപ്പേറില്‍ പ്രതികരിച്ചുകൊണ്ടാണ് സിദ്ധരാമയ്യ സംസാരിച്ച് തുടങ്ങിയത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും സനാതനികളും യാഥാസ്ഥികരും ഉണ്ടെന്നാണ് ഗവായ്ക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം തുറന്നുകാണിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

സമൂഹം ഒരു മാറ്റത്തിന്റെ പാതയിലേക്ക് കടക്കണമെങ്കില്‍ ദളിതര്‍ മാത്രമല്ല, എല്ലാ വിഭാഗത്തിലുള്ളവരും ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. അംബേദ്കറുടെ പേരില്‍ സംഘപരിവാറും ബി.ജെ.പിയും വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതുല്യനായ വ്യക്തിയാണ് അംബേദ്കര്‍. ഇനിയൊരിക്കലും ഒരു അംബേദ്കര്‍ ജനിക്കുകയില്ല. നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരണം,’ സിദ്ധരാമയ്യ പറഞ്ഞു. മൈസൂര്‍ സര്‍വകലാശാലയിലെ ‘വിശ്വ ജ്ഞാനി അംബേദ്കര്‍ സഭ ഭവന’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം ആരുടേയും പൂര്‍വിക സ്വത്തല്ല. അവസരമാണ് ആളുകള്‍ക്ക് വേണ്ടതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

അടുത്തിടെ സംസ്ഥാനത്ത് സ്കൂളിലെ അടക്കം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു.

വിദ്വേഷ മുദ്രാവാക്യം മുഴക്കിയും വടികള്‍ കൊണ്ടുള്ള പരിശീലനങ്ങളും നല്‍കിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ കത്ത്.

കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍.എസ്.എസ് വിഷം കുത്തിവെക്കുകയാണ്. ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ ആത്മാവിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും പ്രിയങ്ക് ഖാര്‍ഗെ കത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Siddaramaiah said Avoid alliance with ‘Sanathanis’