മലയാളിയാണല്ലോ, അപ്പൊപിന്നെ അഹങ്കാരം കാണുമല്ലോ; പുള്ളി വന്ന് പിറ്റേദിവസം മുതല്‍ എല്ലാവരും ടോയ്‌ലറ്റിലായി; രസകരമായ ലൊക്കേഷന്‍ അനുഭവം പറഞ്ഞ് സിബി തോമസും അലന്‍സിയറും
Entertainment news
മലയാളിയാണല്ലോ, അപ്പൊപിന്നെ അഹങ്കാരം കാണുമല്ലോ; പുള്ളി വന്ന് പിറ്റേദിവസം മുതല്‍ എല്ലാവരും ടോയ്‌ലറ്റിലായി; രസകരമായ ലൊക്കേഷന്‍ അനുഭവം പറഞ്ഞ് സിബി തോമസും അലന്‍സിയറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 2:10 pm

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ രസകരമായ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സിബി തോമസും നടന്‍ അലന്‍സിയറും.

നടന്‍ സെന്തില്‍ കൃഷ്ണയോടൊപ്പം കൗമുദി മൂവീസിന് വേണ്ടി നടത്തിയ ഒരു ചാറ്റിങ്ങ് പരിപാടിയില്‍ വെച്ചാണ് ഇവര്‍ തങ്ങളുടെ രാജസ്ഥാന്‍ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കഴിച്ച് ആരോഗ്യം പ്രശ്‌നമായതും ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നും ഒരു കുക്കിനെ കൊണ്ടുവന്നതും പിന്നീടുണ്ടായ രസകരമായ സംഭവങ്ങളുമാണ് ഇവര്‍ പറയുന്നത്.

” ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു ഏറ്റവും പ്രശ്‌നം. അലന്‍സിയറേട്ടന്‍ ആദ്യം വിമുഖത കാണിച്ചു. പിന്നീട് ഞാന്‍ വിമുഖത കാണിച്ചു, അല്ലെങ്കില്‍ എന്റെ വയറ് വിമുഖത കാണിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാന്‍ വാഷ്‌റൂമില്‍ അഡ്മിറ്റ് ആകാന്‍ തുടങ്ങി.

നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് മാറ്റി വെക്കണമെന്ന കാര്യത്തില്‍ അപ്പോഴേക്കും ഒരു തീരുമാനമായി.

ഇത് കുറേ ദിവസങ്ങളായപ്പോള്‍ ശരീരം പ്രതികരിച്ചു. ഒടുക്കം പുതിയ ഒരാളെ കൊട്ടും കുരവയുമായി കേരളത്തില്‍ നിന്ന് കയറ്റി കൊണ്ടുവന്നു,” തിരക്കഥാകൃത്ത് സിബി തോമസ് പറഞ്ഞു.

”അതിന്റെ വേറെ ഗംഭീര രസമുണ്ട്. അയാള്‍ അരിയും സാധനങ്ങളുമൊക്കെ കയറ്റി വന്നു. പുള്ളി അവിടെ വന്ന ശേഷം രാവിലെ ഞാന്‍ മെസ്സിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച, പുള്ളി അവിടെയുള്ളവര്‍ക്ക് ക്ലാസെടുക്കുകയാണ്.

പുള്ളി ഇങ്ങനെ ഇരിക്കുകയാണ്. മലയാളിയാണല്ലോ, പിന്നെ അഹങ്കാരം കാണുമല്ലോ.

അത് അങ്ങോട്ട് വെക്കൂ, ഇത് ഇങ്ങനെ ചെയ്യൂ, മറിച്ചിടൂ, തിരിച്ചിടൂ എന്ന് അവിടത്തെ പാവങ്ങളോട് പറഞ്ഞ് കൊടുക്കുകയാണ്. എന്നിട്ടും പുള്ളി അനങ്ങാതെ ഇരിക്കുകയാണ്.

പിറ്റേന്ന് മുതല്‍ നമുക്ക് ഊണ്‍ കിട്ടി തുടങ്ങി, കഞ്ഞി കിട്ടി എല്ലാം കിട്ടി. ലൈറ്റ് ബോയ്‌സ് ഉള്‍പ്പെടെ യൂണിറ്റിലുള്ളവര്‍ എല്ലാവരും സന്തോഷവാന്മാരായി. പിറ്റേ ദിവസം മുതല്‍ എല്ലാവരും ടോയ്‌ലറ്റിലുമായി.

അങ്ങനെ അദ്ദേഹം വന്ന് ചാര്‍ജ് എടുത്തതിന്റെ പിറ്റേ ദിവസം മുതല്‍ എല്ലാവരും നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് മാത്രം കഴിക്കാന്‍ തുടങ്ങി. ദാലു മതി എന്ന് നമ്മളങ്ങ് തീരുമാനിച്ചു. അത് മതി എന്ന് തീരുമാനിക്കേണ്ട അവസ്ഥയായി,” അലന്‍സിയര്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

ആസിഫ് അലി നായകനാകുന്ന സിനിമയില്‍ സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlight: Sibi Thomas about the funny experiences during the shooting of Kuttavum Shikshayum movie