മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രം ചെയ്യണമെന്നായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം: സിബി മലയില്‍
Malayalam Cinema
മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രം ചെയ്യണമെന്നായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th July 2025, 12:48 pm

എ.കെ. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രമായിരുന്നു തനിയാവര്‍ത്തനം. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

അദ്ദേഹത്തിന് പുറമെ തിലകന്‍, കവിയൂര്‍ പൊന്നമ്മ, സരിത, മുകേഷ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്. ഇപ്പോള്‍ ദി സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിയാവര്‍ത്തനം സിനിമയെ കുറിച്ച് പറയുകയാണ് സിബി മലയില്‍.

താന്‍ ആ സിനിമയിലേക്ക് എത്തുന്നത് മമ്മൂട്ടി വഴി തന്നെയാണെന്നും അദ്ദേഹം ഒരു പ്രൊജക്ട് ചെയ്യാന്‍ വേണ്ടി എഴുത്തുകാരെ തന്റെ അടുത്തേക്ക് അയക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

എന്നാല്‍ അവര്‍ കൊണ്ടുവന്ന പ്രമേയം തനിക്ക് ഉള്‍കൊള്ളാന്‍ ആയില്ലെന്നും പിന്നീടാണ് ലോഹിതദാസിനെ കണ്ടെത്തുന്നതെന്നും സിബി പറഞ്ഞു. മമ്മൂട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ തനിയാവര്‍ത്തനം എന്ന സിനിമയിലേക്ക് എത്തുന്നത് മമ്മൂട്ടി വഴി തന്നെയാണ്. അദ്ദേഹം ഒരു പ്രൊജക്ട് ചെയ്യാന്‍ വേണ്ടി എഴുത്തുകാരെ എന്റെ അടുത്തേക്ക് അയക്കുകയായിരുന്നു. പക്ഷെ അവര്‍ കൊണ്ടുവന്ന പ്രമേയം എനിക്ക് ഉള്‍കൊള്ളാന്‍ ആയില്ല.

മമ്മൂട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടായിരുന്നു ആ കഥയുമായി വന്നത്. പക്ഷെ എനിക്ക് അത് കണ്‍വീന്‍സിങ്ങായില്ല. പിന്നീടാണ് ലോഹിയെ കണ്ടെത്തുന്നത്.

‘മമ്മൂട്ടിയുടെ ആവശ്യം ഇത്തരത്തില്‍ മാനസികമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം ചെയ്യണമെന്നാണ്’ എന്ന് ഞാന്‍ ലോഹിയോട് പറഞ്ഞു. അങ്ങനെയാണ് തനിയാവര്‍ത്തനം സിനിമയുടെ കഥയിലേക്ക് എത്തുന്നത്,’ സിബി മലയില്‍ പറയുന്നു.


Content Highlight: Sibi Malayil Talks About Thaniyavarthanam Movie And Mammootty