അന്ന് തമിഴിലേക്ക് വരാന്‍ മഞ്ജു വാര്യര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചു: സിബി മലയില്‍
Malayalam Cinema
അന്ന് തമിഴിലേക്ക് വരാന്‍ മഞ്ജു വാര്യര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചു: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th July 2025, 7:33 pm

മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഈ സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായികയായി എത്തിയിരുന്നത്.

ഇപ്പോള്‍ മഞ്ജുവിനെ കുറിച്ചും ആ സിനിമയെ കുറിച്ചും പറയുകയാണ് സിബി മലയില്‍. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ജയറാം, പ്രഭു, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴിലാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

‘അന്ന് തമിഴില്‍ രഞ്ജിത്തിന്റെ കഥക്ക് ക്രേസിമോഹന്‍ എന്നയാളാണ് തിരക്കഥ ഒരുക്കിയിരുന്നത്. എന്നാല്‍ തമിഴിലേക്ക് വരാന്‍ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മഞ്ജു സമ്മതിക്കുകയായിരുന്നു.

അങ്ങനെ പ്രഭുവും മഞ്ജുവും ചേര്‍ന്ന ഒരു ഗാനം മദ്രാസില്‍ ചിത്രീകരിച്ചിരുന്നു. പക്ഷേ ആ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ നിര്‍മാതാവിന്റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം നിന്നുപോയി,’ സിബി മലയില്‍ പറയുന്നു.

പിന്നീടാണ് ആ സിനിമ മലയാളത്തില്‍ ചെയ്യുന്നതെന്നും പ്രഭുവിന്റെ റോള്‍ സുരേഷ് ഗോപി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴേക്കും നായകനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വളര്‍ന്നിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍. താന്‍ ആദ്യമായി മഞ്ജു വാര്യരിനെ കണ്ടതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഏറെക്കാലം എന്റെ അസോസിയേറ്റ് ആയിരുന്ന സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. ആ ചിത്രത്തിന് വേണ്ടി നിരവധി പുതുമുഖ നായികമാരെ അവര്‍ അന്വേഷിച്ചു. അവസാനം അവര്‍ നായികയെ കണ്ടെത്തി, മഞ്ജു വാര്യര്‍.

സുന്ദര്‍ദാസ് കണ്ണൂരില്‍ പോയി മഞ്ജുവിനെ കണ്ട് ഒരു വീഡിയോ എടുത്തു കൊണ്ടുവന്നു. അത് എന്നെയും ലോഹിയെയും കാണിച്ചു. ആ വീഡിയോ രാത്രിയില്‍ കാര്യമായ വെളിച്ചമില്ലാതെ ഷൂട്ട് ചെയ്തതാണെങ്കിലും ആ കുട്ടിയുടെ മുഖത്ത് ആര്‍ട്ടിസ്റ്റിനെ കണ്ടിരുന്നു,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil Talks About Manju Warrier