ഡെന്നീസ് ജോസഫ് ആകാശദൂത് എന്ന ചിത്രത്തിന്റെ കഥ പറയുമ്പോള്‍ ആദ്യ കേള്‍വിയില്‍ തന്നെ ആളുകള്‍ തീര്‍ച്ചയായും ഈ സിനിമ തിയേറ്ററില്‍ ഏറ്റെടുക്കുമെന്ന് തനിക്ക് മനസിലായിരുന്നുവെന്ന് പറയുകയാണ് സിബി മലയില്‍.
മാനുഷികമായ വികാരങ്ങള്‍ തൊട്ടുപോകുന്ന സിനിമയായിരുന്നു അതെന്നും തിയേറ്ററില്‍ എത്തിയപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പടം ഏറ്റെടുത്തുവെന്നും സംവിധായകന്‍ പറഞ്ഞു. ദി സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡെന്നീസ് ജോസഫ് എന്റെ അടുത്ത് വന്ന് ആകാശദൂത് സിനിമയുടെ കഥ പറയുമ്പോള്‍ ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായിരുന്നു. ആളുകള്‍ തീര്‍ച്ചയായും ഈ സിനിമ തിയേറ്ററില്‍ ഏറ്റെടുക്കുമെന്നാണ് എനിക്ക് മനസിലായത്.
വളരെ ലളിതമായ, മാനുഷികമായ വികാരങ്ങള്‍ തൊട്ടുപോകുന്ന സിനിമയാണ് ആകാശദൂത്. പൊതുവെ സ്ത്രീകള്‍ പെട്ടെന്ന് ഇത്തരം വികാരങ്ങളോട് പ്രതികരിക്കുമല്ലോ. അങ്ങനെയൊക്കെ കരുതിയാണ് ഈ പടം ഞങ്ങള്‍ ഷൂട്ട് ചെയ്ത് തുടങ്ങിയത്.
പക്ഷെ തിയേറ്ററില്‍ എത്തിയപ്പോള്‍ സ്ത്രീകള്‍ മാത്രമായിരുന്നില്ല പുരുഷന്മാരും ഈ പടം ഏറ്റെടുത്തു. അക്കാലത്ത് ഞാന്‍ പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. അതായത് പലരും പരസ്പരം ബെറ്റ് വെച്ചിട്ടാണത്രേ പടം കാണാന്‍ പോയത്.
ഞാന്‍ കരയില്ല എന്നും പറഞ്ഞാണ് പലരും ആകാശദൂത് കാണാന്‍ പോകുന്നത്. അങ്ങനെ കരയില്ലെന്ന് പറഞ്ഞ് വരുന്ന കൊമ്പന്‍ മീശക്കാര് പോലും കരഞ്ഞിരുന്നു. തിയേറ്ററില്‍ വന്ന് സിനിമ കണ്ടിട്ടില്ലാത്തവര്‍ പോലും ഈ സിനിമ കാണാനായി വന്നിരുന്നു.
വലിയ പ്രായമായ അമ്മച്ചിമാര് പോലും വടിയും കുത്തിപിടിച്ചാണ് തിയേറ്ററിലേക്ക് വന്നത്. ആ കാലഘട്ടത്തില്‍ ആ സിനിമ കാണാത്ത ആരും കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്.
അത്രയേറെ വിജയം നേടിയ സിനിമ തന്നെയാണ് ആകാശദൂത്. പക്ഷെ അപ്പോഴും ഇന്നത്തെ കാലത്താണ് ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത്രയും വര്‍ക്കാകുമോയെന്ന് എനിക്ക് അറിയില്ല. അതില്‍ സംശയമുണ്ട്,’ സിബി മലയില്‍ പറയുന്നു.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ നേടിയിരുന്നു.
മാധവി നായികയായി എത്തിയ ചിത്രത്തില്‍ മുരളി, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗ്ഗീസ് തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
Content Highlight: Sibi Malayil Talks About Akashadoothu Movie