'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; പോസ്റ്റ് പങ്കുവെച്ച് മഞ്ജു വാര്യര്‍
Malayalam Cinema
'സമ്മര്‍ ഇന്‍ ബത്‌ലഹേം' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; പോസ്റ്റ് പങ്കുവെച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd November 2025, 11:50 am

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ ഒരുക്കിയ ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം  റീ റിലീസിനൊരുങ്ങുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗം വരുന്നതിന് മുമ്പ് ചിത്രത്തിന്റെ 4k റീമാസ്റ്റര്‍ വേര്‍ഷന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇപ്പോള്‍ ചിത്രത്തിന്റെ റീ റീലീസ് ഉടനെ ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങള്‍ പങ്കുവെച്ചത്. പോസ്റ്റിന് പിന്നാലെ സിനിമയെ പുകഴ്ത്തിക്കൊണ്ടുള്ള ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സിനിമ കാണാന്‍ വെയിറ്റിങ്ങാണെന്നാണ് മലയാളികള്‍ പറയുന്നത്. മരണപ്പെട്ട അതുല്യ കലാകാരന്‍ കലാഭവന്‍ മണിയെ ഓര്‍മപ്പെടുത്തി കൊണ്ടുള്ള കമന്റും പോസ്റ്റിന് താഴെ ഉണ്ട്.

രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998ലാണ് റീലീസ് ചെയ്തത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്‌സ്, എവര്‍ഷൈന്‍, അനുപമ റിലീസ് എന്നിവര്‍ ചേര്‍ന്നാണ്.

ഒരുപാട് സസ്‌പെന്‍സുകള്‍ ബാക്കി വെച്ച സിനിമയായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം. ജയറാം അവതരിപ്പിച്ച രവി എന്ന കഥാപാത്രത്തിന് ആ പൂച്ച കുട്ടിയെ അയച്ചത് ആരെന്ന് അറിയാനുള്ള കൗതുകം പ്രേക്ഷകരില്‍ എപ്പോഴും ഉണ്ടായിരുന്നു. ആമി എന്ന കഥാപാത്രമായായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ എത്തിയത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തത്തിയ നിരഞ്ജന്‍ എന്ന കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങിയവരും അഭിനയിച്ചിരുന്നു. സജീവ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് വിദ്യാസാഗറാണ്. സിനിമ പോലെ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു.

Content highlight: Sibi Malayil’s hit film Summer in Bethlehem is set for a re-release