മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലഹേം റീ റിലീസിന് തയാറെടുക്കുകയാണ്. 4K സാങ്കേതികവിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. കഴിഞ്ഞദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തില്‍ മോഹന്‍ലാലിനെ കാണിക്കുന്ന ഒരു സീന്‍ കൂടിയുണ്ടായിരുന്നെന്നും അത് ആദ്യദിനം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യത്തെയും കഥയുടെ ഒഴുക്കിനെയും ആ രംഗം ബാധിക്കുന്നുണ്ടെന്ന് തോന്നിയെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിരഞ്ജന്‍ പറഞ്ഞതുകേട്ട് ആമി ഡെന്നീസിന്റെ ഭാര്യയാകുന്നുണ്ട്. ജയിലില്‍ വെച്ച് താലി കൊടുത്ത ശേഷം അയാള്‍ പോകുകയാണ്. എന്നാല്‍ അത്രയും കാലം സ്‌നേഹിച്ച നിരഞ്ജനെ മറക്കാന്‍ ആമിക്ക് സാധിക്കുന്നില്ല. പുതിയൊരു കല്യാണത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്ന സമയത്ത് ആമിയുടെ അടുത്ത് നിരഞ്ജന്‍ വന്ന് സംസാരിക്കുന്ന തരത്തിലുള്ള സീനായിരുന്നു അത്.
നിരഞ്ജന്റെ വാക്കുകള്‍ കേട്ട് ആമി ഡെന്നീസിനെ കല്യാണം കഴിക്കാന്‍ സമ്മതിക്കുകയും പിന്നീടുള്ള ക്ലൈമാക്‌സും എന്ന രീതിയില്‍ പടം പ്രദര്‍ശനത്തിനെത്തിച്ചു. ചെന്നൈയില്‍ ഈ പടം ഫസ്റ്റ് ഡേ കണ്ടപ്പോള്‍ ആ ഒരു ഭാഗം കഥയുമായി സിങ്ക് ആകുന്നില്ലെന്ന് തോന്നി. ഞാന്‍ സിയാദ് കോക്കറിനെ വിളിച്ചു. പുള്ളി കൊച്ചിയിലെ മൈമൂണ്‍ തിയേറ്ററില്‍ നിന്ന് പടം കണ്ട് ഇറങ്ങി.
ക്ലൈമാക്‌സിന് മുമ്പുള്ള സീന്‍ കഥയുമായി മാച്ചാകുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘ഇവിടത്തെ ഓഡിയന്‍സിനും ആ സീന്‍ അത്രക്ക് ഏല്ക്കുന്നില്ല’ എന്ന് സിയാദ് പറഞ്ഞു. അടുത്ത ഷോയ്ക്ക് ആ ഒരു സീന്‍ കട്ട് ചെയ്തിട്ട് പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞു. അത് വര്‍ക്കായി. ഇപ്പോള്‍ സിനിമ കാണുമ്പോള്‍ അതുവരെ നിരഞ്ജന് വേണ്ടി കരഞ്ഞ ആമി അടുത്ത സീനില്‍ ഹാപ്പിയായി നില്ക്കുന്നത് കാണാം’ സിബി മലയില്‍ പറയുന്നു.
ചിലയാളുകള്‍ അത് തന്നോട് സൂചിപ്പിച്ചെന്നും എന്നാല്‍ അതിന്റെ പിന്നിലുള്ള കഥ ഇപ്പോഴാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീ റിലീസില്‍ ആ സീന്‍ കൂട്ടിച്ചേര്‍ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രിന്റിന് ക്വാളിറ്റിയില്ലായിരുന്നെന്നും സിബി മലയില്‍ പറയുന്നു. ഡിസംബര്‍ 12ന് റീ റിലീസ് പതിപ്പ് തിയേറ്ററുകളിലെത്തും.
Content Highlight: Sibi Malayil about the climax of Summer in Bethlehem