സ്വിച്ചിട്ട പോലെ വ്യത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പ്രതിഭയാണ് മഞ്ജു: ശ്യാമപ്രസാദ്
Malayalam Cinema
സ്വിച്ചിട്ട പോലെ വ്യത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പ്രതിഭയാണ് മഞ്ജു: ശ്യാമപ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 7:23 pm

ശ്യാമപ്രസാദിനെയും മഞ്ജു വാര്യറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്നോ ഷോര്‍ട് ഫിലിം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും, സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു.

ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ശ്യാമപ്രസാദ്. വിവിധ തരം റോളുകള്‍ ചെയ്ത് പരിചയമുള്ള, ടെക്‌നിക്കലി വളരെ സ്‌കില്‍ഡായിട്ടുള്ള ഒരു കലാകാരിയാണ് മഞ്ജു വാര്യറെന്ന് അദ്ദേഹം പറയുന്നു. താന്‍ ഒരിക്കലും ടെക്‌നിക്കലി പ്രൊഫിഷന്റ് ആയിട്ടുള്ള അഭിനേതാവല്ലെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് അത് പോലെ സൗഹൃദപരമായ സാഹചര്യമുളളത് കൊണ്ട്, വളരെ കംഫര്‍ട്ടബിളായി അഭിനയിച്ച് പോയി എന്നെയുള്ളൂ. ആക്ഷന്‍ പറഞ്ഞാല്‍ സ്വിച്ചിട്ട പോലെ വ്യത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പ്രതിഭയാണ് മഞ്ജു. യഥാര്‍ഥ അഭിനേത്രി. അതുകൊണ്ട് ഞാനുമായിട്ട് ഒരു താരതമ്യം പോലും സാധ്യമല്ല. എന്റെ കഥാപാത്രം അത്രയും മനോഹരമായത് മഞ്ജു എനിക്കെതിരെ നിന്നത് കൊണ്ട് കൂടിയാണ്,’ ശ്യാമപ്രസാദ് പറയുന്നു.

ചിത്രത്തിന്റെ അവസാന ഭാഗത്ത് ആ സ്ത്രീയെ നോക്കി നില്‍ക്കുമ്പോള്‍ തന്റെ കണ്ണ് ഞാന്‍ അറിയാതെയാണ് നിറഞ്ഞതെന്നും ഗ്ലിസറിന്‍ പോലും ഇല്ലാതെയാണ് അത് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു. അത് കൃത്യമായി മുമ്പേ തീരുമാനിച്ചതല്ലായിരുന്നുവെന്നും അതുകൊണ്ട് ആ ക്രൂവിലുള്ള എല്ലാവരും അത്ഭുതപ്പെട്ടുപോയെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു. സത്യത്തില്‍ തന്റെ കണ്ണ് നിറയല്‍ അല്ല, മനസ് നിറയാലായിരുന്നു അതെന്നും ആ മൊമന്റ് തന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content highlight: Shyamaprasad is talking about Manju Warrier and aaro short film