സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത സിനിമയാണ് പ്രേമലു; രണ്ട് തെലുങ്ക് സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്: ശ്യാം മോഹന്‍
Malayalam Cinema
സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത സിനിമയാണ് പ്രേമലു; രണ്ട് തെലുങ്ക് സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്: ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 11:37 am

പൊന്‍മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടുകയും പ്രേമലു എന്ന സിനിമയിലൂടെ കരിയര്‍ മാറുകയും ചെയ്ത നടനാണ് ശ്യം മോഹന്‍. പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തെ പ്രശസ്ത സംവിധായകന്‍ രാജമൗലി അടക്കം പ്രശംസിച്ചിരുന്നു.

ഇപ്പോള്‍ തന്റെ വഴിത്തിരവായി മാറിയ പ്രേമലുവിനെ കുറിച്ചും വരാന്‍ പോകുന്ന പുതിയ ചിത്രങ്ങളെ കുറിച്ചും ശ്യാം സംസാരിക്കുന്നു.

ചെറിയ വേഷങ്ങള്‍ ചെയ്ത് നിന്ന സമയത്താണ് പ്രേമലുവിലേക്ക് വിളി വന്നതെന്നും ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചു വിളിച്ചത് സംവിധായകന്‍ ഗിരീ ഷ് എ.ഡി തന്നെയാണെന്നും ശ്യാം പറയുന്നു. പൊന്മുട്ടയാണ് അതിനും കാരണമായതെന്നും ശ്യാം പറഞ്ഞു.

‘സെലക്ഷന്‍ കിട്ടിയപ്പോഴും ചെയ്യാനിരിക്കുന്നത് ഇത്ര വലിയ വേഷമാണെന്ന് അറിയില്ലായിരുന്നു. സ്‌ക്രിപ്റ്റ് കണ്ടപ്പോള്‍ തന്നെ തീരുമാനിച്ചു ഞാന്‍ അഴിഞ്ഞാടുമെന്ന്. പാട്ടും മിമിക്രിയും ഇതുവരെ പയറ്റിയിട്ടില്ലാത്ത ഡാന്‍ സുമെല്ലാം അതില്‍ ചെയ്തു.

സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത സിനിമയാണ് പ്രേമലു. നസ്ലന്‍ മാത്യു, മമിത, സംഗീത്, അഖില എല്ലാവരും ഒരു അപാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ്ങിന് പോകുന്നതും വരുന്നതും ഒന്നിച്ച്. തമ്മിലുണ്ടായ ആ കണക്ഷന്‍ അഭിനയത്തിലും ഗുണം ചെയ്തു,’ ശ്യാം പറയുന്നു.

ബ്രൊമാന്‍സും പെറ്റ് ഡിറ്റക്ടീവുമെല്ലാം പ്രേമലു തന്നതാണെന്നും രണ്ടു തെലുങ്ക് സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരെണ്ണം ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞുവെന്നും രണ്ടാമത്തേതില്‍ ഉടന്‍ ജോയ്ന്‍ ചെയ്യുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ഷൂട്ടിങ് ചെയ്യാന്‍ സിനിമയുണ്ടെന്നും അനൗണ്‍സ് ചെയ്തിട്ടില്ലാത്തതു കൊണ്ടു കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്നും ശ്യാം പറഞ്ഞു.

Content highlight: Shyam mohan talks about Premalu, and his upcoming new films