| Sunday, 20th April 2025, 2:59 pm

ആ ഗായകനൊപ്പമാണ് ബോംബെയിലെ 'കുച്ചി കുച്ചി രാക്കമ്മ' പാടിയത്: ശ്വേത മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതാസ്വാദകര്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് ശ്വേത മോഹന്‍. തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്വേത സിനിമാപിന്നണി രംഗത്തെത്തിയത്. മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ശ്വേത പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ സംസ്ഥാന പുരസ്‌കാരങ്ങളും ശ്വേതയെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോള്‍ തന്റെ ആദ്യ ഗാനത്തെ കുറിച്ചും സഹഗായകനെയും കുറിച്ച് സംസാരിക്കുകയാണ് ശ്വേത മോഹന്‍. 1995ല്‍ മണി രത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബോംബെ’ എന്ന സിനിമയിലെ ‘കുച്ചി കുച്ചി രാക്കമ്മ’ എന്ന ഗാനമാണ് ശ്വേത ആദ്യമായി പിന്നണിയില്‍ പാടിയത്. എ.ആർ. റഹ്മാനായിരുന്നു സിനിമയുടെ സംഗീത സംവിധായകൻ.

ഈ ഗാനം റെക്കോഡ് ചെയ്യുമ്പോള്‍ ഇപ്പോള്‍ സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശും ഒപ്പമുണ്ടായിരുന്നുവെന്നും ജി.വി. പ്രകാശ് ഉള്‍പ്പെടെയുള്ളവരാണ് ഗാനമാലപിച്ചതെന്നും ശ്വേത മോഹന്‍ പറഞ്ഞു.

‘കുച്ചി കുച്ചി രാക്കമ്മ അങ്ങനെ സംഭവിച്ച് പോയതാണ്. റഹ്‌മാന്‍ സാറിന്റെ സ്റ്റുഡിയോയില്‍ അമ്മ (സുജാത) പാടാന്‍ പോയപ്പോള്‍ അവര്‍ കോറസ് പാടാന്‍ കുട്ടികളെ അന്വേഷിക്കുന്നുണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് അറിയാവുന്ന ഗായകരുടെ കുട്ടികളെ വെച്ചാണ് കുച്ചി കുച്ചി രാക്കമ്മ പാടിച്ചത്. അതില്‍ ഞാനും മറ്റു രണ്ട് ഗായകരുടെ കുട്ടികളും ഉണ്ടായിരുന്നു. അതിലൊരാള്‍ ജി.വി. പ്രകാശായിരുന്നു,’ ശ്വേത മോഹന്‍ പറഞ്ഞു. പേര്‍ളി മണി ഷോയില്‍ സംസാരിക്കുകയായിരുന്നു ശ്വേത.

ജീവിതത്തിലെ വലിയ അനുഗ്രഹമായിരുന്നു ഈ ഗാനമെന്നും ശ്വേത പറയുന്നു. റഹ്‌മാന്‍ തന്നെയാണ് പാട്ട് പാടിപ്പിച്ചതെന്നും കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നതെന്നും ശ്വേത പറഞ്ഞു.

പിന്നീട് കുറേ കാലങ്ങള്‍ക്ക് ശേഷമാണ് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതെന്നും സജീവമായി പാടാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍ഡസ്ട്രി മാറിത്തുടങ്ങിയെന്നും ശ്വേത പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോള്‍ നല്ല ശമ്പളമുള്ള ജോലിയുണ്ടെങ്കിലേ നല്ല പയ്യനെ കിട്ടുള്ളുവെന്ന് അമ്മ പറയാറുണ്ടെന്നും ശ്വേത പറയുന്നു.

സ്റ്റേജുകളില്‍ പാടുമ്പോള്‍ വല്ലാത്ത ഒരു ഊര്‍ജം നമ്മളിലുണ്ടാകുമെന്നും തന്റെ തന്നെ ചില വീഡിയോസ് കാണുമ്പോള്‍ ‘എന്താ ഇപ്പൊ സംഭവിച്ചേ’ എന്ന് ചിന്തിക്കാറുണ്ടെന്നും ശ്വേത പറയുന്നു.

Content Highlight: Shweta mohan talks about her first song kuchi kuchi rakkamma

We use cookies to give you the best possible experience. Learn more