മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ശ്വേത മേനോൻ. അഭിനയത്തിന് പുറമെ മോഡലിങ്, ടെലിവിഷൻ അവതാരക എന്നിവയിലും തന്റെ കഴിവ് തെളിയിച്ച ആൾ കൂടിയാണ് ശ്വേത. 1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടാൻ നടിക്ക് സാധിച്ചിരുന്നു. 1991ൽ ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചു.
മലയാള സിനിമയിലെ താര സംഘടനായ AMMAയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് കൂടിയാണിപ്പോൾ ശ്വേത മേനോൻ. താൻ ജീവിതത്തിൽ ചെയ്ത ഒരു തെറ്റിനെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത. തന്റെ ആദ്യ വിവാഹമായിരുന്നു താൻ ചെയ്ത തെറ്റെന്നും അതിന്റെ പേരിൽ അച്ഛനോട് ഒരുപാട് വഴക്കിട്ടുണ്ടെന്നും നടി പറഞ്ഞു. എന്നാൽ ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ അച്ഛനായിരുന്നു ശരിയെന്ന് മനസിലായെന്നും അവർ പറഞ്ഞു. മുമ്പ് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ.
‘എൻ്റെ ആദ്യ വിവാഹമാണ് എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത തെറ്റ്. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസിലാവും മുമ്പേ അച്ഛൻ മനസിലാക്കിയിരുന്നു. എനിക്കോർമ്മയുണ്ട് എൻഗേജ്മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാൻ വന്നു. ഞാൻ ഒരുങ്ങുകയായിരുന്നു. അച്ഛൻ കുറേനേരം നോക്കി നിന്നു. ഞാൻ പറഞ്ഞു. പുറത്തെല്ലാവരും കാത്തുനിൽക്കുന്നുണ്ടാവും, അച്ഛൻ ചെല്ലൂ’ എന്ന്.
അച്ഛൻ തലചെരിച്ച് എന്നെ നോക്കി, ‘നിനക്ക് എന്നോട് ഒന്നും സംസാരിക്കാനില്ലേ ?’ എന്ന് ചോദിച്ചു. എന്നെ പ്രയാസപ്പെടുത്താതെ, എന്നാൽ കരുതലോടെയുള്ള ചോദ്യം. ഞാനൊന്നും പറഞ്ഞില്ല. അച്ഛൻ പതുക്കെ പുറത്തിറങ്ങി. എൻ്റെ ബ്യൂട്ടീഷ്യൻ എന്നോട് പറഞ്ഞു, ‘ശ്വേതാജിയുടെ വായിൽ നിന്ന് എന്തോ കേൾക്കാൻ വേണ്ടിയാണ് അച്ഛൻ നിന്നത്’ എന്ന്. അമ്മ പിന്നീടൊരിക്കൽ പറഞ്ഞു, ‘ഒരു വാക്ക് നീ അന്ന് പറഞ്ഞിരുന്നെങ്കിൽ അച്ഛൻ ആ കല്യാണം തടഞ്ഞേനേ.’ പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. ഞാൻ പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാൻ വിചാരിച്ചു,’ ശ്വേത മേനോൻ പറഞ്ഞു.