കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഹൈക്കോടതിയിലേക്ക്
Kerala
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഹൈക്കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 7:51 am

തിരുവനന്തപുരം: അസ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് ആരോപിച്ച കേസില്‍ ശ്വേതാ മേനോന്‍ ഹൈക്കോടതിയിലേക്ക്. തനിക്ക് എതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളില്‍ നിന്നുള്ളതാണെന്നടക്കമുള്ള കാര്യങ്ങള്‍ നടി കോടതിയെ അറിയിക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ കാണാന്‍ കഴിയുന്ന കുടുംബചിത്രങ്ങളിലെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിട്ടുള്ളതെന്നാണ് ശ്വേതയുടെ വാദം. പോണ്‍ സൈറ്റുകളില്‍ തന്റെ ചിത്രം കടന്നുകൂടിയത് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ചും നടി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

താന്‍ ഇത്തരത്തില്‍ പണം സമ്പാദിക്കുന്നയാളല്ലെന്നും അത് സിനിമ കാണുന്ന ആളുകള്‍ക്ക് അറിയാമെന്നും നടി പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണത്തില്‍ ചില ഗൂഡാലോചനകള്‍ ഉണ്ടെന്നും ശ്വേത ചൂണ്ടികാണിക്കുന്നു.

അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന ആരോപിച്ച് ഇന്നലെ മാര്‍ട്ടിന്‍ മേനാച്ചേരിഎന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്ത്.

എറണാകുളം ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ്  പ്രകാരം കേസെടുത്തിരുന്നത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 (എ)ഉം അനുസരിച്ചാണ് നടപടി.

സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്.

Content Highlight: Shweta Menon moves High Court seeking quashing of case