ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നിശബ്ദനാക്കി ഇസ്രഈല്‍ ജഡ്ജി. നെതന്യാഹുവിനെതിരായ അഴിമതി കേസുകളിലെ വിചാരണക്കിടെയാണ് പ്രധാനമന്ത്രിയോട് മിണ്ടാതിരിക്കാൻ ജസ്റ്റിസ് ആവശ്യപ്പെട്ടത്.
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അഴിമതി കേസുകളിലെ വിചാരണയില്‍ ഉണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതിഭാഗം സംസാരിച്ചതോടെ കോടതിയില്‍ ബഹളമുണ്ടാകുകയായിരുന്നു. ഇതിനിടെ കേസിലെ വാദം കേള്‍ക്കാനെത്തിയ നെതന്യാഹു എഴുന്നേറ്റ് നിന്ന് പ്രതിഭാഗത്തിനെതിരെ സംസാരിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് നെതന്യാഹുവിനോട് സീറ്റില്‍ ഇരിക്കാനും മിണ്ടരുതെന്നും ജഡ്ജി നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ ആശ്ചര്യപ്പെട്ട് നെതന്യാഹു സീറ്റില്‍ ഇരുന്നതായി ഇസ്രഈല്‍ വെബ് സൈറ്റായ യെദിയോത്ത് അഹ്റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജി ആരാണെന്നതിൽ വ്യക്തതയില്ല.
അഴിമതി കേസുമായി ബന്ധപ്പെട്ട വിചാരണയിലെ പത്താമത്തെ വാദമാണ് നിലവില്‍ നടന്നത്. ടെല്‍ അവീവ് ജില്ലാ കോടതിയാണ് കേസിലെ വാദം കേട്ടത്. ഇന്നലെ (തിങ്കള്‍)യാണ് വാദം നടന്നത്.
കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നെതന്യാഹുവിനെതിരായ കേസ്. കേസ് 1000, കേസ് 2000, കേസ് 4000 എന്നിങ്ങനെയാണ് കേസ് നമ്പറുകള്‍.
ആനുകൂല്യങ്ങള്‍ നല്‍കിയതിന് പാരിതോഷികം സ്വീകരിച്ചു, പൊതുവായ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനായി മാധ്യമ കവറേജില്‍ കൃതിമം നടത്തി എന്നീ ആരോപണങ്ങളിലാണ് നെതന്യാഹുവിനെതിരെ കേസെടുത്തത്.
2020 ജനുവരിയിലാണ് നെതന്യാഹുവിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2020 മെയ് മാസത്തില്‍ കേസിലെ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പലതവണ വാദം തടസപ്പെട്ടിരുന്നു.
ഗസയിലെ വംശഹത്യാ കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ വാദം നടക്കുന്നത് ചൂണ്ടിക്കാട്ടി, അഴിമതി കേസിലെ വിചാരണ നീട്ടിവെക്കാന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചിരുന്നു.
2024 നവംബര്‍ 13ന് 10 ആഴ്ച സമയമാണ് നെതന്യാഹുവിന്റെ നിയമസംഘം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതിനുപിന്നാലെയാണ് അഴിമതി കേസില്‍ വീണ്ടും വാദം നടന്നത്. നേരത്തെ രഹസ്യമായ സുരക്ഷാ രേഖകള്‍ ചോര്‍ത്തിയ കേസില്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവിനെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കാലയളവില്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു.