സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്. നാലാം ടി-20 മത്സരത്തിന് മുന്നോടിയി നടന്ന ബാറ്റിങ് പരിശീലനത്തിനിടെ ഗില്ലിന് കാല്‍വിരലിന് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കിനെ തുടര്‍ന്ന് ഗില്ലിന് കടുത്ത വേദനയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാല്‍ താരം പരമ്പരയില്‍ അവശേഷിക്കുന്ന മത്സരത്തില്‍ നിന്ന് പുറത്തായതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഗില്‍ അവസാന മത്സരത്തില്‍ കളത്തിലിറങ്ങിയില്ലെങ്കില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
മോശം ഫോമില്‍ തുടരുന്ന ഗില്ലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഗില്ലിന് പരിക്ക് പറ്റിയെന്നും പുറത്തായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രോട്ടിയാസിനെതിരായ കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 10.66 ശരാശരിയിലും 103.22 സ്‌ട്രൈക്ക് റേറ്റിലും ഗില്‍ 32 റണ്‍സ് മാത്രമാണ് നേടിയത്.
അതേസമയം ടി-20യില്‍ ഓപ്പണര്‍ എന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച സഞ്ജുവിനെ മാനേജ്‌മെന്റ് ബെഞ്ചിലിരുത്തുകയായിരുന്നു. അഞ്ചാം മത്സരത്തില്‍ ഗില്‍ കളിച്ചില്ലെങ്കില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. എന്നിരുന്നാലും താരത്തിന് ജീവന്‍ മരണ പോരാട്ടം തന്നെയാകും പുറത്തെടുക്കേണ്ടി വരിക. എന്നാലെ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ.
മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. ഡിസംബര്‍ 19നാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം അരങ്ങേറുന്നത്. അഹമ്മദാബാദാണ് വേദി.