ശസ്ത്രക്രിയ വിജയകരമാണെങ്കിലും തിലകിന് എത്ര നാള്‍ പുറത്തിരിക്കേണ്ടി വരുമെന്നതില്‍ വ്യക്തതയില്ല. എന്നാല്‍, ലോകകപ്പിനായി താരം തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ, ഇടം കൈയ്യന്‍ ബാറ്റര്‍ ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഉണ്ടായേക്കില്ലെന്നാണ് വിവരം.
തിലക് വര്‍മ. Photo: BCCI/x.com
ജനുവരി 21 മുതലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പര തുടങ്ങുന്നത്. തിലക് പരിക്കേറ്റ് പുറത്ത് പോകുകയാണെങ്കില്‍ പകരക്കാരനായി ആരാകും ഇന്ത്യന്‍ ടീമില്‍ എത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ ചര്‍ച്ചയില്‍ നാലാം നമ്പറില്‍ പകരക്കാരന്റെ റോളിലേക്ക് പല പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം ശ്രേയസ് അയ്യരാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ടി – 20 ടീമില്‍ നിന്ന് പുറത്താണെങ്കിലും താരത്തിന്റെ ബാറ്റിങ് മികവ് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം.
2025 ഐ.പി.എല്ലിലെ ബാറ്റിങ്ങും ഇപ്പോള്‍ വിജയ് ഹസാരെയിലെ പ്രകടനങ്ങളും ഇതിന് പരിഗണിക്കപ്പെട്ടാല്‍ ശ്രേയസ് തിരികെ ടീമിലേക്ക് എത്തിയേക്കാം. കൂടാതെ, താരം പരിക്ക് മാറി പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടുമുണ്ട്.
ശ്രേയസിന് പുറമെ ചര്‍ച്ച ചെയ്യപ്പെടുന്ന താരം ശുഭ്മന്‍ ഗില്ലാണ്. എന്നാല്‍, ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയില്‍ വരെയുണ്ടായിരുന്ന താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ തുനിയുമോയെന്ന് കണ്ടറിയണം.
ശുഭ്മൻ ഗിൽ. Photo: BCCI/x.com
സഞ്ജുവിനെ മാറ്റി ഏഷ്യാ കപ്പ് മുതല്‍ ഓപ്പണിങ്ങിലേക്ക് എത്തിയ ഗില്ലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ താരത്തെ വീണ്ടും ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. കൂടാതെ, ഓപ്പണിങ്ങിലാണ് എത്താറുള്ളതെന്നതും ഗില്ലിന് വിലങ്ങ് തടിയാണ്.
ഇവര്‍ക്ക് പുറമെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് റിഷബ് പന്ത്. വിജയ് ഹസാരെയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പർ ബാറ്റർ നാലാം നമ്പറിൽ ഇറക്കാൻ സാധിക്കുന്ന താരമാണ്. എന്നാല്‍ ഏറെ കാലമായി താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുന്നില്ല.
റിഷബ് പന്ത്. Photo: Sourabh/x.com
പന്ത് അവസാനമായി 2024 ജൂലൈയിലാണ് ഇന്ത്യന്‍ ടി – 20 ടീമില്‍ കളിച്ചത്. അത് ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലായിരുന്നു. അതിനാല്‍ തന്നെ താരത്തെ ടീമിലേക്ക് പരിഗണിക്കുമോയെന്ന് കാത്തിരുന്ന കണ്ടേണ്ടി വരും.
Content Highlight: Shubhman Gill, Shreyas Iyer or Rishab Pant; who will replace Tilak Varma against New Zealand?