2026 ഐ.പി.എല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ശുഭ്മന്‍ ഗില്ലും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.
ഐ.പി.എല്ലിലെ ഗുജറാത്തിന്റെ മൂന്നാം ഫൈനലാണിത്. 2022ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. തൊട്ടടുത്ത സീസണിലും ഫൈനല്‍ വരെ ഗുജറാത്ത് മുന്നേറിയിരുന്നു. എന്നാല്‍ ആ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ട് ഗുജറാത്തിന് കിരീടം നഷ്ടമാവുകയായിരുന്നു.
SHUBMAN SA𝐖 IT. THE WHOLE OF GUJARAT BELIEVED IT 🫶#3in5 pic.twitter.com/KarI12zJYO
— Gujarat Titans (@gujarat_titans) May 29, 2026
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് വിജയിച്ചു കയറിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്സ്. ഐ.പി.എല്ലിലെ ഗില്ലിന്റെ അഞ്ചാം സെഞ്ച്വറിയായിരുന്നു ഇത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു. ഈ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് ഗില്‍.
Jaahan chase bade hote hai, wahaan Captain Gill khade hote hai 🙇♂️ pic.twitter.com/DVcV56Ty3h
— Gujarat Titans (@gujarat_titans) May 29, 2026
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം, സെഞ്ച്വറികളുടെ എണ്ണം
വിരാട് കോഹ്‌ലി-9
ജോസ് ബട്‌ലര്‍-7
ക്രിസ് ഗെയ്ല്‍-6
കെ.എല്‍ രാഹുല്‍-6
ശുഭ്മന്‍ ഗില്‍-5
സഞ്ജു സാംസണ്‍-5
മത്സരത്തില്‍ ഗില്ലിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്.
93, 97, 96. Bigger than the milestone. Always for the team first! 💗 pic.twitter.com/uRTzSlww3E
— Rajasthan Royals (@rajasthanroyals) May 29, 2026
മെയ് 31നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ഗില്ലും സംഘവും നേരിടുക.
Content Highlight: Shubhman Gill reached Sanju Samson century record in IPL
