ഇതുപോലൊരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍: ശുഭ്മന്‍ ഗില്‍
Cricket
ഇതുപോലൊരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍: ശുഭ്മന്‍ ഗില്‍
ശ്രീരാഗ് പാറക്കല്‍
Sunday, 31st May 2026, 10:56 am

രാജസ്ഥാന്‍ സൂപ്പര്‍ സ്റ്റാര്‍ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. വൈഭവിനെ പോലൊരു താരത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും വൈഭവ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റമാരിലൊരാളാണെന്നും ഗില്‍ പറഞ്ഞു.

‘ഇതുപോലൊരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍, വൈഭവ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. അവനെതിരെ ആര് കളിച്ചാലും അതൊരു പ്രശ്‌നമല്ല. അവന്റെ ബാറ്റിങ് മികവ് മാത്രമല്ല, കൈകളുടെ വേഗതയും കാണുന്നതും അതിശയകരമാണ്.

ഏത് അവസ്ഥയിലാണെങ്കിലും അത് കാര്യമാക്കാതെ, കളിയിലേക്ക് തിരിച്ചുവന്ന് ഞങ്ങളെ സമ്മര്‍ദത്തിലാക്കിയ രീതി അതിശയകരമാണ്. അതാണ് അവന്റെ മൈന്‍ഡ് സെറ്റ്. വരും വര്‍ഷങ്ങളില്‍, അവനെതിരെ കളിക്കുന്ന കളിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുള്ള സമയങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ ഐ.പി.എല്‍ ഫൈനലിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു ഗുജറാത്ത് ഫൈനലിലെത്തിയത്. മത്സരത്തില്‍ സെഞ്ച്വറി നേടി ശുഭ്മന്‍ ഗില്‍ തിളങ്ങിയെങ്കിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 15 വയസുകാരന്‍ വൈഭവ് സൂര്യവംശിയാണ്.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

47 പന്തില്‍ 96 റണ്‍സാണ് വൈഭവ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും വൈഭവ് മിന്നും പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ഐ.പി.എല്‍ 2026ലെ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്.

അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. സ്വന്തം തട്ടകത്തില്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനാണ് കുറച്ച് മുന്‍ തൂക്കം. എന്നാലും മറുവശത്ത് ആര്‍.സി.ബിയും ശക്തരാണ്.

 

Content Highlight: Shubhman Gill Praises Rajasthan Royals Super Player Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ