വേണ്ടത് ഒറ്റ ജയം; അഫ്ഗാനൊപ്പം സച്ചിനെയും വീഴ്ത്താനൊരുങ്ങി ഗില്‍
Cricket
വേണ്ടത് ഒറ്റ ജയം; അഫ്ഗാനൊപ്പം സച്ചിനെയും വീഴ്ത്താനൊരുങ്ങി ഗില്‍
Sudev A
Saturday, 6th June 2026, 8:10 am

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തിന് ഇന്നാണ് തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം അരങ്ങേറുക. 2025 നവംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. സമീപകാലങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യ ഈ മത്സരത്തില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഈ പരമ്പര വളരെ പ്രധാനമാണ്. അഫ്ഗാനെതിരെയുള്ള ഈ ടെസ്റ്റ് മത്സരം വിജയിക്കാനായാല്‍ ഗില്ലിന് ക്യാപ്റ്റന്‍സിയില്‍ ഒരു മികച്ച നേട്ടം കൈവരിക്കാനുള്ള അവസരവുമുണ്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള അവസരമാണ് ഗില്ലിനുള്ളത്. അഫ്ഗാനെതിരെ വിജയിച്ചാല്‍ അഞ്ച് ടെസ്റ്റ് വിജയവുമായി സച്ചിനെ മറികടക്കാന്‍ ഗില്ലിന് സാധിക്കും.

ഇന്ത്യയെ ഇതുവരെ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച ഗില്‍ നാല് വിജയങ്ങളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ സച്ചിന്റെ റെക്കോഡ് വളരെ നിരാശപ്പെടുത്തന്നതാണ്. ക്രിക്കറ്റില്‍ 25 മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ സച്ചിന്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കർ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. ടെസ്റ്റില്‍ ഇന്ത്യ സുവര്‍ണ കാലഘട്ടം അടയാളപ്പെടുത്തിയത് വിരാടിന്റെ കീഴിലായിരുന്നു. 68 മത്സരങ്ങളില്‍ 40 വിജയങ്ങളാണ് വിരാടിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയെടുത്തത്. മുന്‍ ഇതിഹാസ നായകന്‍മാരായ എം.എസ് ധോണി 60 മത്സരങ്ങളില്‍ നിന്നും 27 വിജയവും സൗരവ് ഗാംഗുലി 49 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

സമീപകാലങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ സൗത്ത് ആഫ്രിക്കയോടും ന്യൂസിലാന്‍ഡിനോടും ഗില്ലിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗംഭീറിന്റെ കീഴില്‍ രണ്ട് ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ മണ്ണിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗില്ലിന്റെ നേതൃത്വത്തില്‍ ആ വലിയ നേട്ടത്തിലേക്ക് ഇന്ത്യക്ക് നടന്നുകയറാന്‍ സാധിക്കുമോയെന്നും കണ്ടുതന്നെ അറിയണം.

ഇന്ത്യൻ ക്രിക്കറ്റ് ടീം

അതേസമയം വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെ കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്തിരുന്നു. കെ.എല്‍ രാഹുലാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. യുവതാരം മാനവ് സുത്തര്‍ ടീമില്‍ ഇടം നേടി. മൂന്നാം നമ്പര്‍ പൊസിഷനില്‍ സായ് സുദര്‍ശന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്തര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.

 

Content Highlight: Shubhman Gill need one win to break Sachin Tendulker captaincy record in test

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.