ടി-20 പറഞ്ഞിട്ടില്ലെങ്കിലും ടെസ്റ്റില്‍ ഇവന്‍ ഭീകരനാ! 2025 തൂക്കി ഗില്‍ അണ്ണന്‍
Sports News
ടി-20 പറഞ്ഞിട്ടില്ലെങ്കിലും ടെസ്റ്റില്‍ ഇവന്‍ ഭീകരനാ! 2025 തൂക്കി ഗില്‍ അണ്ണന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 31st December 2025, 10:25 pm

2025ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമായി മാറിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 983 റണ്‍സാണ് ഗില്‍ 2025ല്‍ അടിച്ചെടുത്തത്. ലിസ്റ്റില്‍ രണ്ടാമന്‍ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ്. 817 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ കെ.എല്‍. രാഹുല്‍ 813 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 805 റണ്‍സ് നേടി നാലാം സ്ഥാനത്താണ്.

രോഹിത് ശര്‍മയുടെ വിരമിക്കലിനുശേഷം ടെസ്റ്റില്‍ ഈ വര്‍ഷം ക്യാപ്റ്റനായി അരങ്ങേറിയ ഗില്ലിന് മികച്ച തുടക്കമാണ് ലഭിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമനില പിടിച്ചത് മുതല്‍ കൂറ്റന്‍ സ്‌കോറുകള്‍ അടിച്ചെടുത്ത പോരാട്ടവീര്യത്തിനും ഗില്‍ ഒരുപാട് പ്രശംസ നേടിയിരുന്നു.

ടെസ്റ്റില്‍ ക്യാപ്റ്റനായും ബാറ്ററായും ഒരുപോലെ തിളങ്ങിയ ഗില്ലിന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നു. എന്നാല്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് താരമാക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ടി-20യില്‍ ഫലിച്ചില്ലായിരുന്നു.

സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനിലേക്ക് വൈസ് ക്യാപ്റ്റനായി എത്തിയ ഗില്ലിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നും 33 റണ്‍സ് മാത്രം നേടിയ ഗില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

മാത്രമല്ല മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണിന് അര്‍ഹിച്ച അവസരം നഷ്ടപ്പെടുന്നുവെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയതിന് പുറമേ ഗില്ലിന് ടി-20യില്‍ തന്റെ സ്ഥാനവും ഇല്ലാതായി. ബാറ്റ് കൊണ്ട് പൂര്‍ണമായും പരാജയപ്പെട്ട ഗില്ലിന് 2026 ലെ ടി-20 ലോകകപ്പില്‍ സ്ഥാനവും ലഭിച്ചില്ല.

Content Highlight: Shubhman Gill In Great Record Achievement In 2025

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ