അഫ്ഗാനെ വീഴ്ത്തി സച്ചിനെ മറികടന്നു; വമ്പന്‍ നേട്ടത്തില്‍ ഗില്ലിന്റെ തേരോട്ടം
Cricket
അഫ്ഗാനെ വീഴ്ത്തി സച്ചിനെ മറികടന്നു; വമ്പന്‍ നേട്ടത്തില്‍ ഗില്ലിന്റെ തേരോട്ടം
Sudev A
Tuesday, 9th June 2026, 7:02 am

അഫ്ഗാനിസ്ഥാനെതിരായ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിനിറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.

ഗില്ലിന്റെ കീഴിലുള്ള ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ് വിജയമാണിത്. ഈ വിജയത്തോടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനും ഗില്ലിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 25 മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ സച്ചിന്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. ടെസ്റ്റില്‍ ഇന്ത്യ സുവര്‍ണ കാലഘട്ടം അടയാളപ്പെടുത്തിയത് വിരാടിന്റെ കീഴിലായിരുന്നു. 68 മത്സരങ്ങളില്‍ 40 വിജയങ്ങളാണ് വിരാടിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയെടുത്തത്.

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്സ് വിജയമാണിത്. ഇതിന് മുമ്പ് 2018ല്‍ രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

അതേസമയം ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലുമാണ്. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികച്ച സംഭാവന നല്‍കി.

ഒപ്പം 68 പന്തില്‍ 52* റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. മാത്രമല്ല മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്‌സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി.

അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് മുഹമ്മദ് സലീമാണ്. ആറ് വിക്കറ്റുകള്‍ വീഴ്ത്തി വമ്പന്‍ പ്രകടനമാണ് പേസ് ബൗളര്‍ കാഴ്ചവെച്ചത്. താരത്തിന് പുറമെ ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി 60 റണ്‍സ് നേടിയ റഹ്‌മത് ഷായാണ് ഉയര്‍ന്ന റണ്‍സ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മാനവ് സുതറാണ്. ആറ് വിക്കറ്റ് നേടിയാണ് താരം തന്റെ അരങ്ങേറ്റം കളറാക്കിയത്. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

ഫോളോ ഓണിനിറങ്ങിയ അഫ്ഗാന് വേണ്ടി 42 റണ്‍സ് നേടിയ ഓപ്പണര്‍ സെദ്ദിഖുല്ല അടലാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. റഹ്‌മാനുള്ള ഗുര്‍ബാസ് 24 റണ്‍സും റഹ്‌മത് ഷാ 13 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍ മിന്നും പ്രകടനമാണ് നടത്തിയത്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. മാനവ് സുതര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇനി ഇന്ത്യയുടെ മുന്നിലുളത് അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പരയാണ്. ജൂണ്‍ 14 മുതല്‍ 20 വരെയാണ് അഫ്ഗാന്‍-ഇന്ത്യ ഏകദിന പരമ്പര നടക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശ്വസി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

 

Content Highlight: Shubhman Gill break Sachin Tendulker captaincy record in test

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.