ആ സ്ത്രീ എന്റെ സഹോദരിയെപ്പോലെ; പരസ്യമായി യുവതിയെ അപമാനിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍
national news
ആ സ്ത്രീ എന്റെ സഹോദരിയെപ്പോലെ; പരസ്യമായി യുവതിയെ അപമാനിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 9:39 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീകാന്ത് ത്യാഗി. ആ സ്ത്രീ തനിക്ക് സഹോദരിയെപോലെയാണെന്നും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൂരജ്പൂര്‍ കോടതി ത്യാഗിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കോടതിയില്‍ നിന്നും കൊണ്ടുപോകുന്നതിനിടെയായിരുന്നു ത്യാഗിയുടെ പരാമര്‍ശം.

‘എനിക്കെതിരായ ആരോപണങ്ങളില്‍ ഖേദമുണ്ട്. എനിക്ക് ആ സ്ത്രീ എന്റെ സഹോദരിയെപ്പോലെയാണ്. ഈ സംഭവവികാസങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതമാണ്. എന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,’ ത്യാഗി മാധ്യങ്ങളോട് പറഞ്ഞു.

മീററ്റിന് സമീപത്തുനിന്നാണ് ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച നോയിഡയിലായിരുന്നു സംഭവം. സെക്ടര്‍-93 ബിയിലെ ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയില്‍ ത്യാഗിയും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായി. ത്യാഗി മരം നടാന്‍ ശ്രമിക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് ചെയ്യുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു ത്യാഗിയുടെ വാദം.

സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ത്യാഗി സ്ത്രീയെ മര്‍ദിക്കുന്നതും അവരെ അസഭ്യം പറയുന്നതും വ്യക്തമാണ്.

2019ല്‍ ത്യാഗി തന്റെ വീടിന്റെ ബാല്‍ക്കണി വലുതാക്കിയിരുന്നുവെന്നും ബില്‍ഡിങ്ങിന്റെ കോമണ്‍ ലോണ്‍ ഏരിയയില്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നുവെന്നും യുവതിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോമണ്‍ ലോണ്‍ ഏരിയയില്‍ ത്യാഗി തനിക്ക് വേണ്ടി തന്നെ ഒരു പ്രത്യേക ഭാഗം ഉണ്ടാകാനുള്ള ശ്രമത്തിലായിരുന്നുവെന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയതിനാണ് ത്യാഗി തന്നെ മര്‍ദിച്ചതെന്നും അസഭ്യം പറഞ്ഞതെന്നും സ്ത്രീ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് കൈയേറ്റം ആരംഭിച്ചെങ്കിലും നോയിഡ അതോറിറ്റി പ്രതിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഗ്രാന്‍ഡ് ഒമാക്‌സ് അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ത്യാഗിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് താമസക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന കാര്യം അറിയിച്ചിട്ടും ബോര്‍ഡിന്റെയും താമസക്കാരുടെയും അഭ്യര്‍ത്ഥനകള്‍ അവഗണിച്ചായിരുന്നു ത്യാഗിയുടെ പുതുക്കല്‍ പണികള്‍.

അതേസമയം ത്യാഗിയുടെ അനധികൃതമായ നിര്‍മാണങ്ങളെല്ലാം നോയിഡ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ്. സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ നിലവില്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ത്യാഗിക്കെതിരെ കേസെടുത്തതിന് പിന്നാലെ സ്ത്രീയുടെ അഡ്രസ് ആവശ്യപ്പെട്ട് ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ അപ്പാര്‍ട്ടമെന്റില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പിയെ എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് നോയിഡ എം.പിയും ബി.ജെ.പി നേതാവുമായ മഹേഷ് ശര്‍മ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Shrikant tyagi accused in noida assault case says that the women is like his sister