ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ യു.പി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം. എല്ലാ തീരുമാനങ്ങളും ട്രസ്റ്റ് സ്വമേധയാ എടുക്കുന്നതാണെന്നും അതിനുളള അധികാരം സ്ഥിരം ട്രസ്റ്റികള്‍ക്ക് മാത്രമുളളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രസ്റ്റ് സര്‍ക്കാരിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നും മന്ത്രാലയം പറഞ്ഞു.
2024ല്‍ വിവരാവകാശ നിയമപ്രകാരം ട്രസ്റ്റിലെ അധികാരികളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നീരജ് ശര്‍മയെന്നയാള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഈ അപേക്ഷ തള്ളി.
തുടര്‍ന്ന് അദ്ദേഹം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ ട്രസ്റ്റ് പൊതു അധികാര സ്ഥാപനമാണോ സ്വയംഭരണ സ്ഥാപനമാണോ എന്ന് പരിശോധിച്ച് തീരുമാനിക്കാന്‍ കോടതി വിവരാവകാശ കമ്മിഷനോട് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നാണ് റാം മന്ദിര്‍ ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ് ട്രസ്റ്റെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നില്ലെന്നും ഭരണ നിയന്ത്രണവുമില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം അടിച്ചുമാറ്റിയെന്ന വിവാദത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയും രാജിവെച്ചിരുന്നു. ഇനി അവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം അംഗങ്ങളുടേതാണ്.
അംഗങ്ങള്‍ തന്നെ ആഭ്യന്തരമായി നടത്തിപ്പും പ്രവര്‍ത്തനവും തീരുമാനിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സംവിധാനമായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ റായിയെയും മിശ്രയെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ രാജ്യത്തെ ഒരു സമിതിക്കും അധികാരമില്ല.
ഇത് സംബന്ധിച്ച സുപ്രധാന യോഗം ജൂലൈ ആറിന് നടക്കാനിരിക്കെയാണ് വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ട്രസ്റ്റിലെ 15 അംഗങ്ങളില്‍ നാല് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല. ട്രസ്റ്റിലെ ഒരംഗം മരിക്കുകയും ചെയ്തിരുന്നു.
ചമ്പത് റായിക്കും മിശ്രയ്ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ ഇപ്പോഴും അര്‍ഹതയുണ്ട്. അതിനാല്‍ ബാക്കിയുള്ള പത്ത് അംഗങ്ങളില്‍ ആറ് പേരുടെ നീക്കമനുസരിച്ചായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിച്ച് നാല് ഉദ്യോഗസ്ഥര്‍ ട്രസ്റ്റ് അംഗങ്ങളാണെങ്കിലും അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമോ വോട്ടവകാശമോ ഇല്ല.
Content Highlight: Shri Ram Janmabhoomi Trust is an independent body; not obliged to answer to the government: Ministry of Home Affairs
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.