'ശ്രീ നരേന്ദ്രമോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ്;' സൂറത്തിലെ മത്സ്യ മാര്‍ക്കറ്റിന്റെ പേര് വിവാദത്തില്‍
India
'ശ്രീ നരേന്ദ്രമോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ്;' സൂറത്തിലെ മത്സ്യ മാര്‍ക്കറ്റിന്റെ പേര് വിവാദത്തില്‍
റെന്വര്‍ പി
Monday, 24th August 2026, 10:00 pm

സൂറത്ത്: ഗുജറാത്തില്‍ സൂറത്ത് നഗരസഭ പുതുതായി ഉദ്ഘാടനം ചെയ്ത മത്സ്യ മൊത്ത വ്യാപാര മാര്‍ക്കറ്റിന്റെ പേരിനെ ചൊല്ലി വിവാദം. 3.90 കോടി മുതല്‍മുടക്കില്‍ സൂറത്തിലെ നാന്‍പുര ലക്കാഡ്‌കോട്ട് പ്രദേശത്ത് ആരംഭിച്ച മീന്‍ മാര്‍ക്കറ്റിന്റെ പേരാണ് വിവാദത്തിലായത്. ശ്രീ നരേന്ദ്രമോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്നാണ് ഈ മാര്‍ക്കറ്റിന് പേരിട്ടിട്ടുള്ളത്.

അടുത്തിടെയാണ് ശ്രീ നരേന്ദ്രമോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്നെഴുതിയ ബോര്‍ഡ് ഈ മീന്‍ മാര്‍ക്കറ്റിന് മുന്നിലുയര്‍ന്നത്. മാര്‍ക്കറ്റിന് മോദിയുടെ പേര് നല്‍കിയതിനെതിരെയും ഏത് നടപടിക്രമങ്ങളിലൂടെയാണ് ഇത്തരത്തില്‍ പേരിട്ടതെന്ന് ചോദിച്ചും ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നു.

നഗരസഭ ഔദ്യോഗികമായി തീരുമാനമെടുക്കാതെ ഇത്തരത്തില്‍ പേര് നല്‍കാന്‍ സാധിക്കുമോ എന്ന് മീന്‍ മാര്‍ക്കറ്റിന് പേരിട്ടതിനെക്കുറിച്ച് വിമര്‍ശനമുയരുന്നുണ്ട്. വെജിറ്റേറിയനായ മോദിയുടെ പേര് മീന്‍മാര്‍ക്കറ്റിന് നല്‍കാമോ എന്നും ചിലര്‍ ചോദിക്കുന്നു.

‘പ്രധാനമന്ത്രി വെജിറ്റേറിയനാണ്. അദ്ദേഹത്തിന്റെ പേര് ഒരു മീന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെടുത്താന്‍ പറ്റില്ല,’ എന്ന് ഒരു വ്യാപാരി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഒരു ശുദ്ധ വെജിറ്റേറിയനായി അറിയപ്പെടുന്നു. അദ്ദേഹം ഒരിക്കലും മത്സ്യം കഴിച്ചിട്ടില്ല. അതിനാല്‍, നോണ്‍-വെജിറ്റേറിയനായ മത്സ്യ മാര്‍ക്കറ്റിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമല്ല,’ എന്ന് ഒരു മത്സ്യ വ്യാപാരി നേതാവായ സുരേന്ദ്ര ലസ്‌കരി പറഞ്ഞു.

മീന്‍ കച്ചവടവുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന സമൂഹത്തെയാണ് മാര്‍ക്കറ്റ് പ്രതിഫലിപ്പിക്കേണ്ടതെന്ന് ലസ്‌കരി പറഞ്ഞു. തങ്ങള്‍ കഹാര്‍ മച്ചി സമുദായത്തില്‍ പെട്ടവരാണ്. മാര്‍ക്കറ്റിന് കഹാര്‍ മച്ചി സമുദായത്തിന്റെ പേരിട്ടാല്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. ഇപ്പോഴത്തെ പേര് അടിച്ചേല്‍പ്പിച്ച ഏകപക്ഷീയമായ രീതിയിലാണ് ഞങ്ങളുടെ എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.

സൂറത്ത് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കല്‍പേഷ് നവസരിവാല ഏകപക്ഷീയമായാണ് മാര്‍ക്കറ്റിന് പേരിടല്‍ നടത്തിയതെന്ന് ലസ്‌കരി പറഞ്ഞു. ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയെ അനാവശ്യമായി ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാന്‍ ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യണം. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷം കഹാര്‍ മച്ചി സമൂഹത്തിന്റെ പേരില്‍ മാര്‍ക്കറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം മാര്‍ക്കറ്റിന് പേരിട്ടതിനെ സൂറത്ത് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കല്‍പേഷ് നവ്‌സരിവാല ന്യായീകരിച്ചു. ‘മത്സ്യബന്ധന മേഖലയ്ക്കായി പ്രധാനമന്ത്രി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പോലുള്ള പദ്ധതികളിലൂടെ അദ്ദേഹം മത്സ്യത്തൊഴിലാളികളെ പിന്തുണച്ചിട്ടുണ്ട്. അതിനാല്‍, അദ്ദേഹത്തിന്റെ പേര് ഈ മാര്‍ക്കറ്റുമായി ബന്ധപ്പെടുത്തുന്നതില്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ട ആവശ്യമില്ല,’ എന്ന് നവ്‌സരിവാല പറഞ്ഞു.

മാര്‍ക്കറ്റിന് നഗരസഭ തീരുമാനിച്ചിട്ട പേരല്ല ഇതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡ് നീക്കം ചെയ്യാന്‍ തങ്ങള്‍ മാര്‍ക്കറ്റില്‍ പോയിരുന്നതായി സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ഗന്‍ജാവാല പറഞ്ഞു. തങ്ങള്‍ സ്വന്തം നിലക്ക് ബോര്‍ഡ് നീക്കം ചെയ്യാം എന്ന് വ്യാപാരികള്‍ പറഞ്ഞ ശേഷമാണ് അന്ന് മടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: ‘Shri Narendra Modi Wholesale Fish Market’: Surat fish market naming triggers controversy

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.