അയ്യരാട്ടം ഇനി മുംബൈയില്‍; ന്യൂസിലാന്‍ഡിനെതിരെ സ്ഥാനമുറപ്പിക്കാന്‍ തീ പാറിക്കും!
Sports News
അയ്യരാട്ടം ഇനി മുംബൈയില്‍; ന്യൂസിലാന്‍ഡിനെതിരെ സ്ഥാനമുറപ്പിക്കാന്‍ തീ പാറിക്കും!
ശ്രീരാഗ് പാറക്കല്‍
Tuesday, 6th January 2026, 8:39 am

ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ ഇന്ന് (ജനുവരി 6) കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മുംബൈയുടെ ക്യാപ്റ്റനായാണ് അയ്യര്‍ മൈതാനത്തെത്തുന്നത്. ഹിമാചല്‍ പ്രദേശിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ താരം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്ക് പറ്റി പുറത്തായ താരം ഏറെ കാലം പുറത്തിരിക്കേണ്ടി വന്നിരുന്നു. ക്യാപ്റ്റനായ ശര്‍ദുല്‍ താക്കൂര്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ശ്രേയസ് ക്യാപ്റ്റനായി മുംബൈക്ക് വേണ്ടി ഇറങ്ങുന്നത്.

മാത്രമല്ല ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടംപിടിച്ചിരുന്നു. എങ്കിലും ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ശ്രേയസിനെ ടീമില്‍ പരിഗണിക്കൂ എന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് തെളിയിച്ച് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരെ ശ്രേയസ് അയ്യര്‍ക്ക് പരിക്ക് പറ്റിയപ്പോള്‍

നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ടീമിനുള്ളത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനും 16 പോയിന്റാണ്.

അതേസമയം ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തിന് ശേഷം ജനുവരി എട്ടിന് ഒന്നാം സ്ഥാനക്കാരയ പഞ്ചാബിനെതിരെയും ശ്രേയസ് കളത്തിലിറങ്ങും. ഏകദിന ഫോര്‍മാറ്റില്‍ മിന്നും പ്രകടനം നടത്തിയ ശ്രേയസ് വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 67 ഇന്നിങ്‌സില്‍ നിന്ന് 2917 റണ്‍സും 128* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുമാണ് അയ്യര്‍ക്കുള്ളത്. 47.8 എന്ന ആവറേജും താരത്തിനുണ്ട്. അഞ്ച് സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കി.

Content Highlight: Shreyas Iyer to play for Mumbai in Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ