സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. സിംബാബ്‌വേയ്‌ക്കെതിരെ അസാധാരണമായ ബാറ്റിങ്ങാണ് വൈഭവ് കാഴ്ചവെച്ചതെന്നും ഭയമില്ലാതെ കളിക്കുന്ന യുവതാരമാണ് വൈഭവെന്നും അയ്യര്‍ പറഞ്ഞു.
‘അസാധാരണമായ ബാറ്റിങ്ങാണ് അവന്‍ കാഴ്ചവെച്ചത്. ഭയമില്ലാതെ കളിക്കുന്ന യുവതാരമാണ് അവന്‍. ഈ ഇന്നിങ്‌സിനെ സമീപിച്ച രീതി അതിഗംഭീരമായിരുന്നു. മുമ്പ് ഇവിടെ കളിച്ചിട്ടുള്ളതിനാല്‍ ഇവിടുത്തെ പിച്ചുകളുടെ സ്വഭാവത്തെക്കുറിച്ച് അവന് നല്ല ധാരണയുണ്ട്.
അണ്ടര്‍-19 ഫൈനലില്‍ 175 റണ്‍സ് നേടിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. അതുകൊണ്ടുതന്നെ ഗ്രൗണ്ടിലിറങ്ങുമ്പോഴെല്ലാം അവന് വലിയ ആത്മവിശ്വാസമുണ്ട്. ഇന്ന് അത് വീണ്ടും കാണാനായി. പരമ്പരയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്,’ അയ്യര്‍ പറഞ്ഞു.
സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.
India get off to a winning start in the T20I series against Zimbabwe 🙌
യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.
വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Content Highlight: Shreyas Iyer Talking About Vaibhav Sooryavanshi