ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ചരിത്ര തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.
മത്സര ശേഷം തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെ തീര്‍ത്തും മോശമായ പ്രകടനമായിരുന്നു ഇന്ത്യയുടേതെന്നും ഇത്ര വലിയ മാര്‍ജിനില്‍ തോല്‍ക്കുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും അയ്യര്‍ പറഞ്ഞു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായിരുന്നെന്നും ഇനി ശക്തമായി തിരിച്ചുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com
‘ഇത് തീര്‍ത്തും മോശമായ പ്രകടനമായിരുന്നു. ഇത്ര വലിയ മാര്‍ജിനില്‍ തോല്‍ക്കുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണ്. ആദ്യം ചെയ്യേണ്ടത് ഈ തോല്‍വി അംഗീകരിക്കുകയും, പിഴവുകള്‍ വിലയിരുത്തി വീണ്ടും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നതാണ്. ഇത് 200 റണ്‍സ് നേടേണ്ട വിക്കറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. പവര്‍പ്ലേയില്‍ തന്നെ ഞങ്ങള്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു.
നിങ്ങള്‍ക്ക് എത്ര പദ്ധതികള്‍ തയ്യാറാക്കാനായാലും, മൈതാനത്തിറങ്ങിയാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊരുത്തപ്പെടേണ്ടതുണ്ട്. ഏത് ലെങ്ത്തിലാണ് പന്തെറിയേണ്ടത് എന്ന് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഹാര്‍ഡ് ലെങ്ത് പന്തുകളാണ് ഇവിടെ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അത് കൃത്യമായി നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.ഇന്ത്യന്‍ ടീം
ഇനി ശക്തമായി തിരിച്ചുവരികയാണ് ലക്ഷ്യം. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് അമിതമായി ചിന്തിച്ച് നില്‍ക്കാനാവില്ല. ഓരോ കളിക്കാരനും താന്‍ ടീമിനുവേണ്ടി എങ്ങനെ കൂടുതല്‍ സംഭാവന ചെയ്യാനാകുമെന്ന് ആലോചിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം,’ ശ്രേയസ് അയ്യര്‍ മത്സര ശേഷം പറഞ്ഞു.
തോല്‍വിയോടെ ഒരു ചരിത്ര നാണക്കേടും ഇന്ത്യ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ക്യാപ്റ്റന്‍സിക്ക് പുറമെ ബാറ്റിങ്ങിലും ശ്രേയസ് അയ്യര്‍ പരാജയപ്പെട്ടിരുന്നു. നാല് പന്തില്‍ അഞ്ച് റണ്‍സായിരുന്നു അയ്യര്‍ നേടിയത്. ജോഫ്ര ആര്‍ച്ചറിന്റെ പന്തിലാണ് താരം പുറത്തായത്.
Content Highlight: Shreyas Iyer Talking About India’s Lose Against England