പരിക്കിന് ശേഷം ഏഴ് കിലോ കുറഞ്ഞു, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു; തുറന്ന് പറഞ്ഞ് അയ്യര്‍
ഓസ്ട്രേലിയന്‍ പരമ്പരയില്‍ പരിക്ക് പറ്റിയ ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതും മികച്ച പ്രകടനം നടത്തുന്നതും എളുപ്പമല്ലെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഗുരുതരമായ പരിക്കിന് ശേഷം തനിക്ക് ഏഴ് കിലോ ഭാരക്കുറവ് ഉണ്ടായെന്നും, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 2026ലെ ഐ.പി.എല്ലിന് മുന്നോടിയായി പഞ്ചാബ് കിങ്‌സിന്റെ ജേഴ്‌സി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അയ്യര്‍.
‘പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തുന്നതും പ്രകടനം നടത്തുന്നതും എളുപ്പമുള്ള കാര്യമല്ല. ഓസ്ട്രേലിയന്‍ പരമ്പരയിലുണ്ടായ ഗുരുതരമായ പരിക്കിന് ശേഷം എനിക്ക് ഏഴ് കിലോ കുറഞ്ഞു, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു. പക്ഷേ എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്, എനിക്ക് വേണ്ടത് നേടാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ടീമിനെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്,’ അദ്ദേഹം വെളിപ്പെടുത്തി.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ പരിക്ക് പറ്റിയ ശ്രേയസ് അയ്യര്‍
പഞ്ചാബിന് വേണ്ടി കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനമായിരുന്നു അയ്യര്‍ പുറത്തെടുത്തത്. 17 മത്സരങ്ങളില്‍ നിന്നും 644 റണ്‍സായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ ഐ.പി.എല്‍ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.
2025ലെ ഐ.പി.എല്‍ ഫൈനലില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെ ഫൈനലിലെത്തിച്ചതോടെ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു റെക്കോഡും അയ്യര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ ആവാനാണ് അയ്യരിന് സാധിച്ചത്.

ശ്രേയസ് അയ്യര്‍
ഇതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളെയാണ് അയ്യര്‍ ഫൈനലിലെത്തിച്ചത്. ഐ.പി.എല്‍ മെഗാ ലേലത്തില്‍ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ ലേലത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്.
അതേസമയം മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജാ യാദവേന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Shreyas Iyer Talking About His Injury