ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചെത്തിയ പഞ്ചാബിന് അവസാനത്തെ രണ്ട് മത്സരങ്ങളില്‍ കാലിടറുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പഞ്ചാബിനെ വീഴ്ത്തിയത്. എങ്കിലും 13 പോയിന്റുമായി ശ്രേയസ് അയ്യരും സംഘവും തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ നിന്നും കരകയറി വിജയവഴിയില്‍ തിരിച്ചെത്താനാവും പഞ്ചാബ് ലക്ഷ്യം വെക്കുക.
മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതാണ് പാറ്റ് കമ്മിന്‍സും സംഘവും പഞ്ചാബിനെതിരെ കളത്തിലിറങ്ങുന്നത്. നിലവില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഓറഞ്ച് ആര്‍മി. പഞ്ചാബിനെ വീഴ്ത്തി പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കാനാവും ഹൈദരാബാദിറങ്ങുന്നത്.
ഈ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് ഒരു പുത്തന്‍ നാഴികക്കല്ലാണ്. ടി-20യില്‍ 7000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ശ്രേയസിനുള്ളത്. ഇതിനായി 94 റണ്‍സ് മാത്രമാണ് അയ്യരിന് വേണ്ടത്.
ഇതുവരെ 249 മത്സരങ്ങളില്‍ നിന്നും 6906 റണ്‍സാണ് അയ്യര്‍ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറികളും അയ്യര്‍ കുട്ടിക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ മിന്നും പ്രകടനമാണ് പഞ്ചാബിനായി അയ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 328 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറികളും അയ്യര്‍ നേടിയിട്ടുണ്ട്.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 2024 ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത അയ്യര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കലാശപോരാട്ടത്തിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യര്‍ കൈപ്പിടിയിലാക്കി. ഇത്തവണ പഞ്ചാബിന് കിരീടം നേടികൊടുത്താല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവും അയ്യര്‍ക്ക് സാധിക്കും.
Content Highlight: Shreyas Iyer set to a new milestone in t20 cricket