എട്ടാം മത്സരത്തിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രമെഴുതി ക്യാപ്റ്റൻ അയ്യർ
Cricket
എട്ടാം മത്സരത്തിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രമെഴുതി ക്യാപ്റ്റൻ അയ്യർ
സുദേവ് എ
Thursday, 23rd July 2026, 6:50 pm

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹോം ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റണ്‍സ് നേടിയത്.

ഈ മത്സരത്തില്‍ കൂടി ടോസ് ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് അനുകൂലമായതോടെ ഒരു ചരിത്രനേട്ടമാണ് അയ്യര്‍ കൈപ്പിടിയിലാക്കിയത്. ഇന്റര്‍നാഷണല്‍ ടി-20യിൽ ക്യാപ്റ്റനായുള്ള ആദ്യ എട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ടോസ് വിജയിക്കുന്ന നായകനാവാനാണ് അയ്യര്‍ക്ക് സാധിച്ചത്.

ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷം എട്ടാം മത്സരത്തിലാണ് അയ്യര്‍ ടോസ് വിജയിക്കുന്നത്. ഏഴ് തവണ ടോസ് ക്യാപ്റ്റനായി ടോസ് അനുകൂലമാക്കിയ ഇയോണ്‍ മോര്‍ഗന്‍, ടോം ലാഥം, നജ്മുല്‍ ഹുസ്സൈന്‍ ഷാന്റോ എന്നിവരെയാണ് അയ്യര്‍ മറികടന്നത്.

ഇന്ത്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം അയ്യര്‍ക്ക് ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും അയ്യരുടെ കീഴില്‍ ഇന്ത്യ കൈവിട്ടിരുന്നു.

അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ പരമ്പര ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. ഈ പരമ്പര സ്വന്തമാക്കി ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനാവും ശ്രേയസ് ലക്ഷ്യം വെക്കുക.

അതേസമയം മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്വേ ബാറ്റിങ് നിര തകരുകയായിരുന്നു.

സിംബാബ്‌വേ ബാറ്റിങ്ങില്‍ ടോപ് സ്‌കോററായത് വെസ്ലി മധേവെരെയാണ്. 34 പന്തില്‍ 39 റണ്‍സാണ് മധേവെരെ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തടിവാനാഷെ മരുമണി 27 റണ്‍സും റയാന്‍ ബര്‍ള്‍ 26 റണ്‍സും സ്വന്തമാക്കി.

 

Content Highlight: Shreyas Iyer set a new toss record in international cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.