ക്യാപ്റ്റനായി തോറ്റ കളികളിലെല്ലാം 'ജയം'; വിരാടിനൊപ്പം ഭാഗ്യനായകനായി അയ്യര്‍
Cricket
ക്യാപ്റ്റനായി തോറ്റ കളികളിലെല്ലാം 'ജയം'; വിരാടിനൊപ്പം ഭാഗ്യനായകനായി അയ്യര്‍
സുദേവ് എ
Thursday, 9th July 2026, 10:23 pm

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഗ്ലോസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റനായി ആദ്യ വിജയമാണ് ശ്രേയസ് അയ്യര്‍ ലക്ഷ്യം വെക്കുന്നത്.

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യന്‍ ടി-20 കുപ്പായമണിഞ്ഞ അയ്യരിന് ആദ്യ വിജയം കൈപ്പിടിയിലാക്കാന്‍ സാധിച്ചിട്ടില്ല. മത്സരങ്ങളില്‍ പരാജയപ്പെടുമ്പോഴും ടോസിന്റെ ഭാഗ്യം അയ്യര്‍ക്ക് അനുകൂലമാണ്.

ഈ മത്സരത്തില്‍ കൂടി ടോസ് വിജയിച്ചതോടെ ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടോസ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാവാനും അയ്യര്‍ക്ക് സാധിച്ചു. ക്യാപ്റ്റനായി ആറാം മത്സരത്തിലാണ് ടോസ് അയ്യര്‍ക്ക് അനുകൂലമാവുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് അയ്യര്‍. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇതിഹാസ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ്. ഏഴ് തവണയാണ് ധോണി തുടര്‍ച്ചയായി ടോസ് വിജയിച്ചത്.

ടി-20 തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് വിജയിച്ച ക്യാപ്റ്റന്മാര്‍, ടോസുകളുടെ എണ്ണം, സ്പാന്‍

എം.എസ് ധോണി-7-(2010-2012)

ശ്രേയസ് അയ്യര്‍-6-(2026)

വിരാട് കോഹ്‌ലി-6-(2019)

രോഹിത് ശര്‍മ-5-(2020-2022)

എം.എസ് ധോണി-5-(2007)

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലും മോശം പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്. ഈ മത്സരത്തില്‍ വിജയം മാത്രമായിരിക്കും ശ്രേയസ് അയ്യര്‍ ലക്ഷ്യം വെക്കുക.

അതേസമയം ഈ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ല. വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി കളത്തിലിറങ്ങുന്നത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബൈ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടംഗ്.

 

Content Highlight: Shreyas iyer set a new toss record as a captain in T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.