ടി-20 പരമ്പരകളിലെ രണ്ടാമത്തെ 200*; അയ്യർ ഇനി സഞ്ജുവിനൊപ്പം
Cricket
ടി-20 പരമ്പരകളിലെ രണ്ടാമത്തെ 200*; അയ്യർ ഇനി സഞ്ജുവിനൊപ്പം
സുദേവ് എ
Sunday, 12th July 2026, 12:12 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയിൽ സമ്പൂർണമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ പരാജയപ്പെടുന്ന രണ്ടാമത്തെ പരമ്പരയാണിത്. അയർലാൻഡിനെതിരെയുള്ള പരമ്പരയിലും ഇന്ത്യ അയ്യരുടെ കീഴിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റൻസിയിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾ നടത്തിയെങ്കിലും ബാറ്റിങ്ങിൽ മികച്ച പ്രകടനമായിരുന്നു ശ്രേയസ് അയ്യർ കാഴ്ചവെച്ചത്. പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികൾ അടക്കം 218 റൺസാണ് ഇന്ത്യൻ നേടിയത്.

ശ്രേയസ് അയ്യര്‍. Photo: Shreyas Iyer/x.com

ഇതോടെ ഒരു തകർപ്പൻ നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. ഒരു ടി-20 പരമ്പരയിലോ, ടൂർണമെന്റിലോ ഏറ്റവും കൂടുതൽ തവണ 200ലധികം റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനാണ് അയ്യരിന് സാധിച്ചത്. രണ്ട് തവണയാണ് ശ്രേയസ് 200ലധികം റൺസ് സ്കോർ ചെയ്തിട്ടുള്ളത്.

ഈ റെക്കോഡിൽ മലയാളി താരം സഞ്ജു സാംസൺ, മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ എന്നിവർക്കൊപ്പമാണ് അയ്യർ. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ മൂന്ന് തവണ ഈ നേട്ടം കൈപ്പിടിയിലാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ്. അഞ്ച് തവണയാണ് വിരാട് 200 റൺസ് പിന്നിട്ടിട്ടുള്ളത്. സുരേഷ് റെയ്ന, കെ എൽ രാഹുൽ, ഗൗതം ഗംഭീർ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടിയ ജോസ് ബട്ലറുടെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് വലിയ വിജയലക്ഷ്യം ഉയർത്തിയത്.

64 പന്തുകളിൽ നിന്നും 12 ഫോറുകളും എട്ട് സിക്സുകളും അടക്കം 131 റൺസാണ് ബട്ലർ നേടിയത്. ക്യാപ്റ്റൻ ബ്രൂക് 45 പന്തിൽ പുറത്താവാതെ 95 റൺസ് നേടിയും തിളങ്ങി. നാല് ഫോറുകളും എട്ട് സിക്സുകളുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ലിയാം ഡാവ്സൺ, ജോഫ്ര ആർച്ചർ, ജോഷ് ടംങ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ അർധ സെഞ്ച്വറി നേടി പൊരുതി നിന്നു. 35 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സും അടക്കം 56 റൺസാണ് ഇഷാൻ നേടിയത്. തിലക് വർമ 25 പന്തിൽ 53 റൺസും സ്വന്തമാക്കി. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

 

Content Highlight: Shreyas Iyer set a huge record in T20 cricket for India

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.