തോറ്റാലും ലോകത്തില്‍ രണ്ടാമന്‍; കോഹ്‌ലിയെ മറികടന്ന് ശ്രേയസ് അയ്യര്‍
Cricket
തോറ്റാലും ലോകത്തില്‍ രണ്ടാമന്‍; കോഹ്‌ലിയെ മറികടന്ന് ശ്രേയസ് അയ്യര്‍
Sudev A
Friday, 15th May 2026, 10:18 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഈ മത്സരത്തിലും പഞ്ചാബ് 200 കടന്നതോടെ ഒരു തകര്‍പ്പന്‍ നേട്ടവും പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. ടി-20യില്‍ ഏറ്റവും കൂടുതല്‍ 200+ ടീം ടോട്ടല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായാണ് അയ്യര്‍ മാറിയത്.

ഇത് 30ാം തവണയാണ് ശ്രേയസ് നയിക്കുന്ന ഒരു ടീം 200+ കടക്കുന്നത്. 29 തവണ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ വിരാട് കോഹ്ലിയെ മറികടന്നാണ് ശ്രേയസ് രണ്ടാമനായത്. 36 തവണ 200+ ടീം ടോട്ടല്‍ സ്വന്തമാക്കിയ എം.എസ് ധോണിയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

ശ്രേയസ് അയ്യർ. Photo: Caffeine/x.com

ടി-20യില്‍ ഏറ്റവും കൂടുതല്‍ 200+ ടീം ടോട്ടല്‍ സ്വന്തമാക്കുന്ന ക്യാപ്റ്റന്മാര്‍, 200+ സ്‌കോറുകളുടെ എണ്ണം

എം.എസ് ധോണി-36

ശ്രേയസ് അയ്യര്‍-30

വിരാട് കോഹ്ലി-29

ഫാഫ് ഡുപ്ലെസി-26

രോഹിത് ശര്‍മ-25

സൂര്യകുമാര്‍ യാദവ്-23

ഐ.പി.എല്ലില്‍ 40 തവണയാണ് പഞ്ചാബ് സ്‌കോര്‍ 200 കടന്നത്. ഐ.പി.എല്ലില്‍ ഈ പട്ടികയില്‍ ഒന്നാമതാണ് പഞ്ചാബിന്റെ സ്ഥാനം. ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കൊപ്പമാണ് ഈ പട്ടികയില്‍ പഞ്ചാബുള്ളത്.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

അതേസമയം മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി 33 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75* റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 227.27 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്താണ് താരം മുംബൈയെ വിജയത്തിലെത്തിച്ചത്.

റിയാന്‍ റിക്കിള്‍ട്ടണ്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടി വില്‍ ജാക്‌സ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. 17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

Content Highlight: Shreyas Iyer set a huge record in t20 as a captain

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.