സഞ്ജുവും ഗില്ലുമല്ല, സൂര്യയ്ക്ക് ശേഷം ഇവന്‍ ഇന്ത്യന്‍ ക്യാപ്റ്റനായേക്കും
Cricket
സഞ്ജുവും ഗില്ലുമല്ല, സൂര്യയ്ക്ക് ശേഷം ഇവന്‍ ഇന്ത്യന്‍ ക്യാപ്റ്റനായേക്കും
ഫസീഹ പി.സി.
Sunday, 19th April 2026, 12:18 pm

ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി – 20 ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്. സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അയ്യര്‍ക്കാണ് നറുക്ക് വീഴാന്‍ സാധ്യതയെന്നാണ് വിവരം. ടൈം ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2023ന് ശേഷം ഇന്ത്യന്‍ ടി – 20 ടീമില്‍ കളിക്കാത്ത ശ്രേയസിനെ ടീമിലെത്തിച്ച് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുക എന്നത് വലിയൊരു തീരുമാനമാണെന്ന് പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തം പറഞ്ഞതായി ടൈംസ് ഓഫ് റിപ്പോര്‍ട്ട് ചെയ്തു. 2027 ഏകദിന ലോകകപ്പിലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധയെന്നതിനാല്‍ ക്യാപ്റ്റന്‍സി മാറ്റം സമയമെടുത്ത് മാത്രമേ ഉണ്ടാകൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘2023ലാണ് അയ്യര്‍ (ശ്രേയസ്) അവസാനമായി അന്താരാഷ്ട്ര ടി – 20യില്‍ കളിച്ചത്. അദ്ദേഹം നിലവിലെ ടീം ഘടനയുടെ ഭാഗമല്ല. അതിനാല്‍ തന്നെ അങ്ങനെയുള്ള ഒരാളെ ടീമിലേക്ക് തിരിച്ച് കൊണ്ടുവരുന്നതും നേരിട്ട് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നതും വലിയൊരു തീരുമാനമാണ്.

നിലവില്‍ 2027ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യന്‍ ടീമിന്റെയും ബി.സി.സി.ഐയുടെയും ശ്രദ്ധ. ഇത് ടി – 20 ക്യാപ്റ്റന്‍സിയിലെ മാറ്റം ആസൂത്രണം ചെയ്യാന്‍ സെലക്ടര്‍മാര്‍ക്ക് സമയം നല്‍കുന്നുണ്ട്,’ ബി.സി.സി.ഐ വൃത്തം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് അയ്യര്‍. Photo: Crictracker

ഐ.പി.എല്ലില്‍ മൂന്ന് ടീമുകളെ നയിച്ച മികവാണ് ശ്രേയസ് അയ്യരിന് ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിക്കുന്നതിലേക്ക് നയിക്കുന്നത്. ദല്‍ഹി ക്യാപിറ്റല്‍സിലൂടെ ക്യാപ്റ്റന്‍സി കരിയര്‍ തുടങ്ങിയ താരം ടീമിനെ 2020ല്‍ ആദ്യമായി ഫൈനലില്‍ എത്തിച്ചിരുന്നു.

പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറിയ ശ്രേയസ് ടീമിന് മൂന്നാം കിരീടവും സമ്മാനിച്ചു. 2024ലായിരുന്നു കൊല്‍ക്കത്തയിലെ താരത്തിന്റെ കിരീടനേട്ടം. അടുത്ത സീസണില്‍ താരം പഞ്ചാബ് കിങ്‌സിലെത്തി നായകസ്ഥാനം ഏറ്റെടുത്തു.

ശ്രേയസ് അയ്യര്‍.

ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെ പഞ്ചാബിനെ അയ്യര്‍ ഫൈനലില്‍ എത്തിച്ചു. 11 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു ഇത്. ഇതോടെ ടൂര്‍ണമെന്റില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ഏക ക്യാപ്റ്റനായും അയ്യര്‍ തന്റെ ചരിത്രം കുറിച്ചു.

കിരീടത്തിനരികില്‍ കാലിടറിയെങ്കിലും ശ്രേയസ് ഈ സീസണിലും ടീമിനെ മികച്ച നിലയിലാണ് നയിക്കുന്നത്. നിലവില്‍ 2026 സീസണില്‍ അപരാജിതരായി തുടര്‍ന്ന ഏക ടീം ശ്രേയസിന്റെ പഞ്ചാബാണ്. ഈ സീസണില്‍ പഞ്ചാബിനെ കിരീടമണിയിക്കാന്‍ സാധിച്ചാല്‍ താരത്തിന് ക്യാപ്റ്റന്‍സി ലഭിക്കാന്‍ സാധ്യതയേറും.

ശുഭ്മൻ ഗിൽ.

അതേസമയം, ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് ശ്രേയസിന് ടി – 20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നാണ് ശ്രദ്ധേയം. നേരത്തെ ഗില്ലിനെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ടി – 20 ടീമിന്റെ ഭാഗമാക്കിയിരുന്നു.

ഓപ്പണിങ് സ്ഥാനത്ത് തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ഗില്ലിന് ടീമിന് പുറത്തേക്ക് പോകേണ്ടി വന്നു. 2026 ടി – 20 മുന്നോടിയായിരുന്നു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

സഞ്ജു സാംസൺ. Photo: BCCI/x.com

ഗില്ലിനൊപ്പം തന്നെ പലരും മലയാളി താരം സഞ്ജു സാംസണിന്റെയും പേര് ക്യാപ്റ്റന്‍സി മത്സരത്തിന് ഉയര്‍ത്തി കാണിച്ചിരുന്നു. ടി – 20 ലോകകപ്പില്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളുമായി ടീമിന്റെ വിജയശില്പിയായതിന് പിന്നാലെയായിരുന്നു ഇത്.

Content Highlight: Shreyas Iyer likely to India’s next T20I captain after Suryakumar Yadav: report

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി