ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്. ഇതോടെ അപരാജിത കുതിപ്പുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാനും പഞ്ചാബിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങി 35 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്. ഇതോടെ ഐ.പി.എല്‍ കരിയറില്‍ 30ാം അര്‍ധ സെഞ്ച്വറി നേടാനും അയ്യര്‍ക്ക് സാധിച്ചിരുന്നു.
ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്ന ആറാമത്തെ താരമാകാനാണ് ശ്രേയസിന് സാധിച്ചത്. ഈ റെക്കോഡില്‍ ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പമാണ് ശ്രേയസ്.
ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്ന താരം, ഫിഫ്റ്റി (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍
വിരാട് കോഹ്‌ലി – 42 (142)
ഡേവിഡ് വാര്‍ണര്‍ – 33 (83)
ഗൗതം ഗംഭീര്‍ – 31 (127)
രോഹിത് ശര്‍മ – 25 (157)
കെ.എല്‍. രാഹുല്‍ – 24 (64)
ശ്രേയസ് അയ്യര്‍ – 22 (90)
എം.എസ്. ധോണി – 22 (204)
മത്സരത്തില്‍ ശ്രേയസിന് പുറമെ പ്രഭ്‌സിമ്രാന്‍ 39 പന്തില്‍ 80* റണ്‍സ് നേടി പുറത്താകാതെ നിന്നു. ബൗളിങ്ങില്‍ പഞ്ചാബിന് തുണയായത് അര്‍ഷ്ദീപ് സിങ്ങാണ്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
അതേസമയം മുംബൈക്ക് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് പ്രോട്ടിയാസ് താരം ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു. സീസണില്‍ മുംബൈക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങി സെഞ്ച്വറി നേടിയായിരുന്നു താരം വമ്പന്‍ പ്രകടനം നടത്തിയത്. ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക്ക് മിന്നും പ്രകടനം നടത്തിയത്. 186.67 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
Content Highlight: Shreyas Iyer In Great Record Achievement In IPL As captain
