അയ്യരാട്ടത്തില്‍ വിരാടും സ്‌കൈയും തകര്‍ന്നു; ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
Cricket
അയ്യരാട്ടത്തില്‍ വിരാടും സ്‌കൈയും തകര്‍ന്നു; ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
സുദേവ് എ
Friday, 10th July 2026, 10:57 am

ഇന്ത്യക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. പരമ്പരയിലെ നാലാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര 3-0ത്തിന് ത്രീ ലയണ്‍സ് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

നാലാം മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്.

49 പന്തില്‍ പുറത്താവാതെ 80 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. നാല് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ ശ്രേയസിന്റെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഇത്.

ഈ സീരിസില്‍ നാല് മത്സരങ്ങളില്‍ 190 റണ്‍സാണ് അയ്യര്‍ ഇതുവരെ നേടിയത്. ഈ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ SENA രാജ്യങ്ങളുമായുള്ള (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ഒരു ടി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായും അയ്യര്‍ മാറി.

മുന്‍ ഇന്ത്യന്‍ നായകന്മാരായ സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് ശ്രേയസ് ഈ നേട്ടം കൈവരിച്ചത്. 2023ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ 156 റണ്‍സായിരുന്നു സ്‌കൈ നേടിയത്. 2020ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു വിരാടിന്റെ നേട്ടം.

മത്സരത്തില്‍ അയ്യര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

35 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം പുറത്താവാതെ 78 റണ്‍സാണ് ബ്രൂക്ക് നേടിയത്. 42 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് സാള്‍ട്ട് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍, ജോഷ് ടംങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുഭാഗത്ത് ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി-20 മത്സരം നടക്കുന്നത്. ആശ്വാസ വിജയം ലക്ഷ്യം വെച്ചാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക. മറുവശത്ത് പരമ്പര വൈറ്റ് വാഷ് ചെയ്യുകയായിരിക്കും ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ലക്ഷ്യം.

 

Content Highlight: Shreyas Iyer create a huge record in T20 cricket as a captain

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.