ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്സിന് ശേഷമാണ് മഴ വില്ലനായി എത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തുടങ്ങാനിരിക്കെ മഴ കളി മുടക്കുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 47 പന്തില്‍ 68 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം.
കുട്ടി ക്രിക്കറ്റില്‍ ഇന്ത്യക്കായി തന്റെ ഒമ്പതാം ഫിഫ്റ്റിയാണ് ശ്രേയസ് സ്വന്തമാക്കിയത്. ക്യാപ്റ്റനായുള്ള അയ്യരുടെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഈ ഫിഫ്റ്റിയോടെ ഒരു വമ്പന്‍ റെക്കോഡാണ് ശ്രേയസിനെ തേടിയെത്തിയത്.
ക്യാപ്റ്റനായി ടി-20യില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്നും ആദ്യ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായാണ് ശ്രേയസ് മാറിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ മൂന്നാം മത്സരത്തിലാണ് അയ്യരുടെ നേട്ടം.
ക്യാപ്റ്റനായി ചുമതലയേറ്റ അഞ്ചാം മത്സരത്തില്‍ ഫിഫ്റ്റി നേടിയ വിരാട് കോഹ്‌ലിയെയാണ് അയ്യര്‍ മറികടന്നത്. നിലവില്‍ ഈ റെക്കോഡില്‍ ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലിനൊപ്പമാണ് ശ്രേയസ്.
ക്യാപ്റ്റനായി രണ്ടാം ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയത് സുരേഷ് റെയ്‌നയും രോഹിത് ശര്‍മയുമാണ്. സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരാണ് ക്യാപ്റ്റനായി ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയവര്‍.
അതേസമയം മത്സരത്തില്‍ അയ്യരിന് പുറമെ അഭിഷേക് ശര്‍മ 24 പന്തില്‍ ആറ് ഫോറുകളും നാല് സിക്സുകളും അടക്കം 59 റണ്‍സും നേടി തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്‌സും ഇന്ത്യക്ക് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 21 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് ദുബെ നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇംഗ്ലണ്ട് ബൗളിങ്ങില്‍ സാഖിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആദില്‍ റഷീദ്, സാം കറാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ജൂലൈ നാലിനാണ് ശ്രേയസ് അയ്യരും സംഘവും പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓള്‍ഡ് ട്രാഫോഡാണ് വേദി.
Content Highlight: Shreyas Iyer break Virat Kohli record in T20 cricket