മറ്റെവിടെയും കിട്ടാത്ത സുരക്ഷിതത്വം ആറാട്ടിന്റെ സെറ്റില്‍ ലഭിച്ചു, പുതിയ അനുഭവമായിരുന്നു എനിക്ക്: ശ്രദ്ധ ശ്രീനാഥ്
Malayalam Cinema
മറ്റെവിടെയും കിട്ടാത്ത സുരക്ഷിതത്വം ആറാട്ടിന്റെ സെറ്റില്‍ ലഭിച്ചു, പുതിയ അനുഭവമായിരുന്നു എനിക്ക്: ശ്രദ്ധ ശ്രീനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th October 2025, 9:19 am

ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രികളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ശ്രദ്ധ ശ്രീനാഥ്. കരിയറില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും അമ്പരപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയാണെന്ന് പറയുകയാണ് താരം. രണ്ട് സിനിമകള്‍ മാത്രമേ താന്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളൂവെന്നും അതെല്ലാം നല്ല എക്‌സ്പീരിയന്‍സായിരുന്നെന്നും ശ്രദ്ധ കൂട്ടിച്ചേര്‍ത്തു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും പിന്നീടാണ് മറ്റ് ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും താരം പറയുന്നു. ഇതുവരെ തനിക്ക് പഠിക്കാന്‍ സാധിക്കാത്ത ഭാഷയാണ് മലയാളമെന്നും ശ്രദ്ധ പറഞ്ഞു. പുതിയ ചിത്രമായ ആര്യന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ശ്രദ്ധ ശ്രീനാഥ്.

‘കൊവിഡിന്റെ സമയത്തായിരുന്നു ആറാട്ടിന്റെ ഷൂട്ട് നടന്നത്. ലോകം മൊത്തം ആ പാന്‍ഡെമിക്കിന്റെ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ എല്ലാ സിനിമാസെറ്റുകളിലും പലരും ടെന്‍ഷനിലായിരുന്നു. ആറാട്ടിന്റെ ഷൂട്ട് നടന്നപ്പോള്‍ എല്ലാം സിസ്റ്റമാറ്റിക്കായിട്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. എല്ലാവരെയും കൃത്യമായി ചെക്കപ്പ് ചെയ്ത് സേഫാണെന്ന് ഉറപ്പുവരുത്തിയാണ് ഷൂട്ട് നടത്തിയത്.

ഏറ്റവും സേഫായിട്ടുള്ള സ്ഥലമായിട്ടായിരുന്നു എനിക്ക് ആ സെറ്റ് അനുഭവപ്പെട്ടത്. വേറെ എവിടെയും എനിക്കത് ലഭിച്ചിട്ടില്ല. മറ്റ് ഭാഷകളില്‍ അഭിനയിച്ചപ്പോഴെല്ലാം ആ ഭാഷ പഠിക്കാന്‍ എനിക്ക് സാധിച്ചു. പക്ഷേ, മലയാളം മാത്രം എനിക്ക് ഇതുവരെ പഠിക്കാനായിട്ടില്ല. ഞാന്‍ എപ്പോഴും വളരെ ബഹുമാനത്തോടെ കാണുന്ന ഇന്‍ഡസ്ട്രിയാണിത്’ ശ്രദ്ധ ശ്രീനാഥ് പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വഴിയേ തമിഴ്‌നാട്ടില്‍ നടക്കുന്ന രോഹിണി കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള തന്റെ നിലപാടും ശ്രദ്ധ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരുപാട് പ്രതീക്ഷ നല്കുന്ന കാര്യമാണെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ ഉറപ്പായും വരേണ്ടതാണെന്നും താരം പറഞ്ഞു.

‘നടിമാര്‍ക്ക് മാത്രമല്ല, അവരുടെ കൂടെ വരുന്ന സ്റ്റാഫുകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ട കാര്യമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാലും സാരി ഡ്രേപ്പറായാലും അവരും സിനിമാ ഫീല്‍ഡില്‍ ഉള്ളവരാണ്. അവര്‍ക്ക് പലപ്പോഴും നല്ല ബാത്ത്‌റൂം സൗകര്യം ലഭിക്കുന്നുണ്ടോ എന്ന് പോലും ആരും നോക്കാറില്ല. അവരുടെ കാര്യവും പരിഗണിക്കേണ്ടതാണ്,’ ശ്രദ്ധ ശ്രീനാഥ് പറയുന്നു.

Content Highlight: Shraddha Srinath saying she felt safer in Aarattu movie set