ദയവായി രണ്ടാം ഭാഗം വേഗം ഇറക്കൂ, എന്തൊരു ഗംഭീര അനുഭവമായിരുന്നു: ധുരന്ധറിനെ പ്രശംസിച്ച് ശ്രദ്ധ കപൂര്‍
Indian Cinema
ദയവായി രണ്ടാം ഭാഗം വേഗം ഇറക്കൂ, എന്തൊരു ഗംഭീര അനുഭവമായിരുന്നു: ധുരന്ധറിനെ പ്രശംസിച്ച് ശ്രദ്ധ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th December 2025, 1:56 pm

രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം 500 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം നേടിയത്.

ഇപ്പോള്‍ സിനിമക്ക് അഭിന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റഗ്രാം സറ്റോറിയിലൂടെയാണ് താരം ചിത്രത്തെ പ്രശംസിച്ചത്.

ധുരന്ധര്‍ പോലൊരു സിനിമ എടുത്ത സംവിധായകന്‍ ആദിത്യ ധറിനെ സമ്മതിക്കണമെന്നും രണ്ടാം ഭാഗത്തിനായി 3 മാസം കാത്തിരിക്കാന്‍ പ്രേരിപ്പിക്കരുതെന്നും ശ്രദ്ധ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഞങ്ങളുടെ വികാരങ്ങളുമായി കളിക്കരുതെന്നും ദയവായി റിലീസ് വേഗം ആക്കണമെന്നും ശ്രദ്ധ പറഞ്ഞു.

ഈ വര്‍ഷം ബോക്സ് ഓഫീസിനെ ഞെട്ടിച്ച ഛാവായുടെ 140 കോടിയെന്ന റെക്കോഡ് ധുരന്ധര്‍ മറികടന്നിരുന്നു. 146 കോടിയാണ് രണ്ടാമത്തെ വീക്കെന്‍ഡില്‍ ചിത്രം നേടിയത്. സിനിമയില്‍ രണ്‍വീര്‍ സിങിന് പുറമെ അക്ഷയ് ഖന്ന, ആര്‍ മാധവന്‍, സാ അര്‍ജുന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

പാകിസ്താനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമ നിരോധിക്കപ്പെട്ടിരുന്നു. ആദ്യദിനം പലയിടത്തും ഷോ ക്യാന്‍സലായ ധുരന്ധറിന് തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് ബോക്‌സ് ഓഫീസില്‍ ആധിപത്യം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞു.

മൂന്ന് മണിക്കൂറിന് മുകളില്‍ ദൈര്‍ഘ്യമുണ്ടെങ്കിലും ഒട്ടും ലാഗില്ലാതെ കാണാന്‍ കഴിയുന്ന സ്‌പൈ ത്രില്ലറാണ് ധുരന്ധര്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Shraddha Kapoor praises  Ranveer singh  Dhurandhar movie