'റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പരവതാനി വിരിച്ച് ആനയിക്കണോ?' പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ആസൂത്രിത ആക്രമണമെന്ന് ജഡ്ജിമാര്‍
India
'റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പരവതാനി വിരിച്ച് ആനയിക്കണോ?' പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ആസൂത്രിത ആക്രമണമെന്ന് ജഡ്ജിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 6:46 pm

ന്യൂദല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പമാര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുന്‍ജഡ്ജിമാര്‍.

ചീഫ് ജസ്റ്റിസിനെതിരെ മനപൂര്‍വ്വമായ പ്രചാരണങ്ങളാണ് നടക്കുന്നത്. സുപ്രീം കോടതിയെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്‍ജഡ്ജിമാര്‍ പ്രതികരിച്ചു.

ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഏതാനും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കാണാതായത് സംബന്ധിച്ച് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിവാദ പരാമര്‍ശം നടത്തിയത്.

‘ഇന്ത്യയില്‍ ജീവിക്കാനായി നിയമപരമായ അനുമതിയില്ലാത്ത ഒരു നുഴഞ്ഞുകയറ്റക്കാരന്‍ വന്നാല്‍, അവരെ നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ് നമ്മള്‍ (ഇന്ത്യക്കാര്‍) ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുമോ?

അവരെ തിരിച്ചയയ്ക്കുന്നതില്‍ എന്താണ് പ്രശ്‌നം,’ എന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഈ മാസമാദ്യമായിരുന്നു ഈ പരാമര്‍ശം നടത്തിയത്. മനുഷ്യവകാശ പ്രവര്‍ത്തകയായ റീത്ത മഞ്ചന്ത നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഈ പരാമര്‍ശത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും വിരമിച്ച ജഡ്ജിമാരുടെ 44 അംഗ സംഘം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

യുക്തിസഹവും ന്യായവുമായ വിമര്‍ശനം മാത്രമെ ജുഡീഷ്യല്‍ നടപടി ക്രമങ്ങള്‍ക്ക് നേരെ ഉയരാന്‍ പാടുള്ളൂ. കോടതിയിലെ പതിവ് നടപടി ക്രമങ്ങളെ മുന്‍വിധിയോടെയുള്ള പ്രവൃത്തിയായി ചിത്രീകരിച്ച് നിയമവിരുദ്ധമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുന്‍ ജഡ്ജിമാര്‍ കുറ്റപ്പെടുത്തി.

അടിസ്ഥാനപരമായ നിയമത്തെ സംബന്ധിച്ച ചോദ്യം മാത്രമാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. സുപ്രീം കോടതിയിലും ചീഫ് ജസ്റ്റിസിലും തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. കോടതി പരാമര്‍ശങ്ങളെ വളച്ചൊടിച്ച് ജഡ്ജിമാര്‍ക്കെതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന എല്ലാ ശ്രമങ്ങളെയും അപലപിക്കുന്നുവെന്നും മുന്‍ ജഡ്ജിമാരുടെ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: ‘Should we roll out a carpet and bring in Rohingya refugees?’; Judges supports Chief Justice’s remark