ഗവി, വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന പത്തനം തിട്ടയിലെ ഏറെ പ്രകൃതി രമണീയത കനിഞ്ഞു നല്‍കിയിരിക്കുന്ന ഈ പ്രദേശത്ത് പക്ഷെ അപകടങ്ങളും പതിയിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം തെളിയിക്കുന്നു. ഗവിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. വനഭംഗിയുടെ വശ്യതകള്‍ മാത്രം മനസില്‍ കണ്ട് ഗവിയിലേക്കെത്തുന്നവര്‍ അവിടെ പതിയിരിക്കുന്ന അപകടങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
സമീപകാലത്താണ് ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്. മുമ്പ് പറഞ്ഞു കേട്ടും മറ്റും വിരളമായാണ് ഇവിടേക്ക് സഞ്ചാരികളെത്തിയിരുന്നതെങ്കില്‍ സമീപകാലത്ത് ഗവിയുടെ വനഭംഗി പകര്‍ത്തി മലയാളത്തില്‍ ഇറങ്ങിയ ചിത്രം ഇന്ന് ഗവിയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചു.
പക്ഷെ സിനിമയിലെ ദൃശ്യങ്ങള്‍ കണ്ട് ഗവിയിലേക്ക് പുറപ്പെടുന്ന സഞ്ചാരികള്‍ക്കറിയില്ല ഗവിയില്‍ പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച്, അവിടെ പാലിച്ചിരിക്കേണ്ട കടമകളെ കുറിച്ച്. ഗവി കാണാനെത്തുന്നവര്‍ ആദ്യം അറിയേണ്ട ഒന്നുണ്ട്, ഗവി ഒരു വനമേഖലയാണെന്ന കാര്യം. പലരും ഇക്കാര്യം അറിയാതെയും ശ്രദ്ധിക്കാതെയുമാണ് ഗവിയിലേക്കെത്തുന്നത്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഗവി. കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികള്‍ വിഹരിക്കുന്നു. പക്ഷെ വള്ളക്കടവിലേയോ ആങ്ങമൂഴിയിലേയോ വനം വകുപ്പ് ചെക്ക് പോസ്റ്റുകള്‍ പിന്നിട്ടുകഴിയുമ്പോഴാണ് വാര്‍ത്തകളിലൂടെ മാത്രം ഗവിയെ കുറിച്ച് കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളില്‍ പലരും ഗവിയൊരു കൊടുംകാടാണെന്ന് തിരിച്ചറിയുന്നത്.
വിനോദ സഞ്ചാര മേഖലയെന്ന നിലയില്‍ പൂര്‍ണ്ണമായും തയ്യാറെടുത്തിട്ടില്ലാത്ത പ്രദേശമാണ് ഗവി. വന്യജീവികളുടെ വിഹാര കേന്ദ്രവും കൊടുംകാടുമായ ഇവിടെ വിനോദ സംഞ്ചാരം അനുവദിക്കണോ, അത് അനുവദിക്കുകയാണെങ്കില്‍ ഏത് രീതിയിലായിരിക്കണം എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു തന്നെ വ്യക്തമായ കാഴ്ച്ചപ്പാടുകളില്ല.
അതുകൊണ്ടു തന്നെ വിദഗ്ധ പരിശീലനം നടത്തിയ ഗൈഡുമാരോ സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെ ഇവിടെയില്ല. സമീപകാലത്ത് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നം എന്ന വിഷയം മാത്രം കണക്കിലെടുത്താണ് ആ തീരുമാനമുണ്ടായത്.
ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു പോവുന്നത് തടയുകയും വനമേഖലയില്‍ സഞ്ചാരത്തിന് ദൂരപരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഈ നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമല്ലാത്തതിനാല്‍ നിരവധി സഞ്ചാരികളാണ് ഇപ്പോഴും ഇവിടേക്ക് എത്തുന്നത്. അതേസമയം വന്യജീവികളുടെ ആക്രമണം തടയാനോ വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ ഉള്ള യാതൊരു പദ്ധതികളും ഇവിടെ ഇതുവരെയും പ്രാവര്‍ത്തികമായിട്ടില്ല.
കാടെന്താണെന്നറിയാതെയും കാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്താണെന്നറിയാതെയും എത്തുന്ന സഞ്ചാരികള്‍ കാടിനേയും അതിന്റെ ജൈവവ്യവസ്ഥയും വെല്ലുവിളിക്കുന്ന വിധം ഇവിടെ വിനോദ സഞ്ചാരം നടത്തുന്നു. ഇക്കാര്യത്തില്‍ അതികൃതരുടെ അലംഭാവവും, പ്രദേശത്തെ സൗകര്യക്കുറവുകളും കൂടെയാവുമ്പോള്‍ അത് അപകട സംഭവങ്ങളിലേക്ക് വഴിവെക്കുന്നു.
കാടിനെ സംരക്ഷിക്കേണ്ട പ്രധാന്യത്തെകുറിച്ച് ആരേയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അതൊന്നും അറിയില്ലെങ്കിലും അവനവന്റെ സുരക്ഷയെ കുറിച്ചെങ്കിലും സഞ്ചാരികള്‍ ബോധവാന്‍മാരാവേണ്ടതുണ്ട്. ഗവിയുടെ കാനനഭംഗിയും മനസില്‍ കണ്ട് ഗവിയിലേക്കെത്തുന്ന സഞ്ചാരികള്‍ ഇനിയെങ്കിലും തിരിച്ചറിയണം ഗവിയുടെ വന വശ്യതയ്ക്ക് പിറകില്‍ അപകടമുണ്ട്. അതില്‍ ചെന്ന് ചാടാതിരിക്കുക.
