ദളിത് കുട്ടികള്‍ക്ക് മിഠായി പോലും കൊടുക്കാതെ സവര്‍ണ കടയുടമകള്‍ | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദളിതര്‍ക്ക് സവര്‍ണരുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്ക്. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിച്ച കടയുടമയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തെത്തുന്നത്.

ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഗ്രാമത്തിലെ ദളിത് താമസക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ വിലക്കേര്‍പ്പെടുത്തിയത്. സവര്‍ണര്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

കഴിഞ്ഞ ദിവസം ദളിത് കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിച്ച കടയുടമയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്. മഹേശ്വരന്‍ എന്നയാളാണ് കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിച്ചത്. ഇയാളുടെ കടയിലേക്ക് ഇനി സാധനങ്ങള്‍ വാങ്ങാന്‍ വരരുതെന്ന താക്കീതും ഇയാള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ദളിതര്‍ക്ക് സാധനങ്ങള്‍ വില്‍ക്കരുതെന്നത് യോഗത്തിലെടുത്ത തീരുമാനമാണെന്നും സംഭവം വീട്ടുകാരെ അറിയിക്കണമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. യാദവ വിഭാഗക്കാരനാണ് മഹേശ്വരന്‍. മഹേശ്വരന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യോഗം ചേര്‍ന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2020ല്‍ ഗ്രാമത്തിലെ ദളിത്- യാദവ വിഭാഗക്കാര്‍ തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ ഇരുവിഭാഗക്കാരും പരസ്പരം പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അടുത്തിടെ യാദവ വിഭാഗത്തില്‍പ്പെട്ട കെ. രാമകൃഷ്ണന്‍ എന്ന യുവാവ് അഗ്നിപഥ് പ്രകാരം സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദളിതര്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ രാമകൃഷ്ണന് സൈന്യത്തില്‍ ചേരാന്‍ സാധിച്ചില്ല. ഇതോടെയാണ് സവര്‍ണര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യാദവര്‍ ദളിതരെ സമീപിക്കുന്നത്. എന്നാല്‍ ദളിതര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

ഇതിന്റെ പ്രതികാരമായാണ് രാമകൃഷ്ണന്റെ കുടുംബം ഏതാനും സവര്‍ണരെ കൂട്ടി യോഗം നടത്തിയത്. ഈ യോഗത്തിലാണ് പ്രദേശത്തെ കടകളില്‍ നിന്നും ദളിതര്‍ക്ക് സാധനങ്ങള്‍ വില്‍ക്കരുതെന്ന പ്രഖ്യാപനമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കടയുടമ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തെങ്കാശി പൊലീസ് സൂപ്രണ്ട് ആര്‍. കൃഷ്ണരാജ് പറഞ്ഞു. നിലവില്‍ മഹേശ്വരന്റെ കട പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Content Highlight: Shop owners who refused to give chocolates to dalit students, arrested after video went viral| D Nation