ജൂത ഫെസ്റ്റിവലിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; രക്ഷകനായി അല്‍ അഹമദ്
Trending
ജൂത ഫെസ്റ്റിവലിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; രക്ഷകനായി അല്‍ അഹമദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th December 2025, 7:43 am

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത സമൂഹത്തിന്റെ ആഘോഷത്തിന് നേരെയുണ്ടായ കൂട്ടവെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ബീച്ചില്‍ ജൂത ഫെസ്റ്റിവലായ ഹനുക്കയുടെ ആദ്യ ദിവസത്തെ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്രഈല്‍ പൗരനാണ്.

ബീച്ചില്‍ ഹനുക്ക ആഘോഷത്തിനായി നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന സമയത്താണ് വെടി
വെപ്പുണ്ടായതെന്നും നടന്നത് ഭീകരാക്രമണമാണെന്നും പൊലീസ് അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ജൂതമതക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു.

അഹമദ് അല്‍ അഹമദ് എന്ന ഹീറോ

വെടിവെപ്പിനിടെ രക്ഷകനായെത്തിയ പഴക്കച്ചവടക്കാരനായ അഹമദ് അല്‍ അഹമദ് എന്ന 43കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹീറോ. നിരായുധനായ അഹമദ് വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയായിരുന്ന അക്രമിയെ അടിച്ചുവീഴ്ത്തി കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞിരുന്നു.

ബീച്ചിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്ന അക്രമികളിലൊരാളെ പുറകില്‍ നിന്നെത്തി അടിച്ചുവീഴ്ത്തുകയായിരുന്നു അഹമദ്.

അക്രമിയുടെ കഴുത്തിന് പിടിച്ച് നിലത്തടിച്ചും തോക്ക് പിടിച്ചുവാങ്ങിയും അഹമദ് പ്രതിരോധിക്കുന്നത് പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്.

അഹമദിനെ ഹീറോ എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചത്.

പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അഹമദിനും വെടിയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.

ഇതിനിടെ, ആക്രമണത്തിന് പിന്നില്‍ ഒരു അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ അറിയിച്ചു.

പ്രതികളില്‍ 50 വയസുകാരനായ അച്ഛനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കൊലപ്പെടുത്തി. 24കാരനായ മകന്‍ പൊലീസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോണ്ടി ബീച്ചിലുണ്ടായ ആക്രമണത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. സെമിറ്റിക് വിരുദ്ധ നയങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഇന്ധനം പകരുകയാണെന്നും അതാണ് ജൂത സമൂഹത്തിനെതിരായ ആക്രമണത്തിന് കാരണമായതെന്നും നൈതന്യാഹു ആരോപിച്ചു.

ആരോപണത്തെ തള്ളിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, ഇത് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്ന് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു.എസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ വെടിവെപ്പിനെ അപലപിച്ചു.

ഓസ്‌ട്രേലിയയില്‍ സെമിറ്റിക് വിരുദ്ധത വര്‍ധിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ ജൂത അസോസിയേഷന്‍ സി.ഇ.ഒ റോബര്‍ട്ട് ഗ്രിഗറി പ്രതികരിച്ചു.

Content Highlight: Shooting at Bondi Beach in Australia during Jewish festival; 15 people killed; Al-Ahmad becomes savior